സൂർ: സൂർ ഇന്ത്യൻ സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ വാർഷിക അവാർഡ്, സൂർ ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ അൽ ശർഖിയ ഹാളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.
യു.ടി.എ.എസ് സൂർ അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോ. റാഷിദ് നാസർ അൽ മതാനി ചടങ്ങിൽ മുഖ്യാതിഥിയായി.
മുൻ എസ്.എം.സി പ്രസിഡന്റും സീ പ്രൈഡ് ഗ്രൂപ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അമീൻ, മറീന എസ്.എ.ഒ.സി(ഒമാൻ) ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് ഹെഡ് ഇല്യാസ് സയ്യിദ്, ഇന്ത്യൻ സ്കൂൾ സൂറിന്റെ ഡയറക്ടർ ഇൻ ചാർജും ബോർഡംഗവുമായ എസ്. കൃഷ്ണേന്ദു, ഒമിഫ്കോ ഓപ്പറേഷൻസ് ഡയറക്ടർ ഇഫ്തികാർ അലി ഖാൻ, എസ്.എം.സി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, കൺവീനർ എ.വി. പ്രദീപ് കുമാർ , അംഗങ്ങളായ ഡോ. രാംകുമാർ, ഷബീബ് മുഹമ്മദ്, നിഷ്രീൻ ബഷീർ, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡിന് 12ാം ക്ലാസിലെ ഹാഷിം അഷ്റഫ് അർഹനായി. അക്കാദമിക്, കോ കരിക്കുലർ പ്രവർത്തനങ്ങൾ, സ്പോർട്സ്, നേതൃത്വപരമായ റോളുകൾ എന്നിവ പരിഗണിച്ചാണ് അവാർഡിനി തിരഞ്ഞെടുത്തത്.
സീ പ്രൈഡ് ഗ്രൂപ് ഓഫ് കമ്പനീസ് സ്പോൺസർ ചെയ്ത സ്വർണ മെഡലാണ് ഇദ്ദേഹത്തിനു ലഭിച്ചത്. പന്ത്രണ്ടാം ക്ലാസ് ടോപ്പർ കൃഷ്ണേന്ദു സജിത്ത് കരിമ്പിൽ, പത്താം ക്ലാസ് ടോപ്പർ ശ്രീഹരി പ്രദീപ് എന്നിവരെ മറ്റു വിഷയങ്ങളിലെ ടോപ്പർമാർക്കൊപ്പം ആദരിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കും അക്കാദമിക് വിഷയങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും മികവിന്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിശിഷ്ടാതിഥികൾക്ക് നൽകിയ പൊതു സ്വീകരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 2023-24 അധ്യയന വർഷത്തിലെ ശ്രദ്ധേയമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടി സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ് ശ്രീനിവാസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യാതിഥി ഡോ. അൽ മതാനി സ്കൂളിന്റെ നേട്ടങ്ങളിൽ അഭിനന്ദിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ടീച്ചിങ്ങ് മികവിനുള്ള പുരസ്കാരം സ്വന്തമാക്കിയ മിഡിൽ സ്കൂൾ വിഭാഗത്തിലെ പാർവതി ബാബു സീനിയർ വിഭാഗത്തിൽ ജെനി പ്രകാശ്, കൂടാതെ, കായികരംഗത്തെ മികച്ച സംഭാവനകൾക്ക് അശ്വതി, വിശാഖ്, റോബിൻ എന്നിവരെയും ആദരിച്ചു. സി.സി.എ.ക്കുള്ള ഓവറോൾ ട്രോഫി എല്ലോ ഹൗസിന് സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി ബ്ലൂ ഹൗസും കരസ്ഥമാക്കി. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ആർ.വി.പ്രദീപ് സ്വാഗതവും സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് സാക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.