മസ്കത്ത്: ഇന്ത്യയിലെ കാർക്കിനോസ് ഹെൽത്ത്കെയറുമായി സഹകരിച്ച് ബദർ അൽ സമാ ഗ്രൂപ് 'കാൻസർ കെയർ ബദർ കാർക്കിനോസ്' സെന്ററിന് തുടക്കം കുറിച്ചു. ഒമാനിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ഇത്തരത്തിലുള്ള സംരംഭം ആദ്യത്തേതാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ ബദർ അൽ സമായുടെ ഡയറക്ടർ ബോർഡംഗങ്ങളായ അബ്ദുൽ ലത്തീഫ്, ഡോ പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത്, ബിലാൽ, കൺസൽട്ടന്റ് കേശവ് ദാസ്, സി.ഇ.ഒ സമീർ പി.ടി, കാർക്കിനോസ് ഹെൽത്ത് കെയർ ഡയറക്ടർ ക്ലിനിക്കൽ ഓപറേഷൻസും ആർ.സി.സി തിരുവനന്തപുരം ഫോർമൽ അഡീഷനൽ ഡയറക്ടറുമായ ഡോ. കെ. രാംദാസ്, കാർക്കിനോസ് ഹെൽത്ത് കെയറിന്റെ ഡയറക്ടറും പത്തോളജി ആൻഡ് ലാബ് സർവിസ് മേധാവിയുമായ ഡോ. അജിത് നമ്പ്യാർ, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ബോസ് വിൻസെന്റ്, ഡോ. സൗമ്യ എന്നിവർ പങ്കെടുത്തു. സമഗ്ര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി അർബുദത്തിന് മികച്ച ചികിത്സ നൽകുന്ന ഹെൽത്ത് കെയർ പ്ലാറ്റ്ഫോമാണ് കാർക്കിനോസ്. സുൽത്താനേറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും മികച്ച ചികിത്സ നൽകുന്നതിനായി, സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന ബദർ അൽ സമാ ഗ്രൂപ്പുമായി കൈകോർക്കുകയാണ് 'കാർക്കിനോസ്'.
സ്വകാര്യ ആരോഗ്യമേഖലയിൽ കാർക്കിനോസുമായി സഹകരിച്ച് കാൻസർ കെയറിനായി നൂതനമായ കേന്ദ്രം ആരംഭിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ബദർ അൽ സമായുടെ ഡയറക്ടർ ബോർഡർമാരായ അബ്ദുൽ ലത്തീഫ്, ഡോ.പി.എ. മുഹമ്മദ് എന്നിവർ പറഞ്ഞു. ബദർ അൽ സമായിലെ 13 കേന്ദ്രങ്ങളിലും കാൻസർ സ്ക്രീനിങ്ങും രോഗം നേരത്തേ കണ്ടെത്താനുള്ള സേവനങ്ങളും ആരംഭിക്കാനാണ് പ്രഥമ പദ്ധതിയെന്ന് ഇരുവരും പറഞ്ഞു.
ആദ്യഘട്ടത്തിൽ ആരോഗ്യ പരിശോധനകൾ, ബോധവത്കരണ പ്രചാരണം, കാൻസർ സ്ക്രീനിങ് എന്നിവ നടപ്പാക്കുമെന്ന് ഡോ. ബോസ് വിൻസെന്റ് പറഞ്ഞു. റേഡിയോ തെറപ്പി, കീമോതെറപ്പി, ലളിതമായ ശസ്ത്രക്രിയകൾ എന്നിവ ബദർ അൽ സമാ റൂവിയിലും അൽഖൂദിലും രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കും. മൂന്നാം ഘട്ടത്തിൽ പി.ഇ.ടി സ്കാനിങ് സംവിധാനവും സമർപ്പിത സമഗ്ര കാൻസർ കെയർ യൂനിറ്റുകളും ഒരുക്കും. അർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള കൺസൽട്ടേഷൻ, കൗൺസലിങ് തുടങ്ങിയ ഉൾപ്പെടുന്ന പ്രാരംഭ സ്ക്രീനിങ്ങിന് അഞ്ച് റിയാൽ ആയിരിക്കും ഈടാക്കുക. ചടങ്ങിൽ സി.ഒ.ഒ ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.