മസ്കത്ത്: സിംഗപ്പൂർ സന്ദർശനം നടത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രസിഡന്റ് തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി.
ഇസ്താന പാലസിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സൗഹൃദ ബന്ധവും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള കാര്യങ്ങളും കൈമാറി.
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങുമായും ഇസ്താന കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാനും സിംഗപ്പൂരും തമ്മിലുള്ള വിപുലമായ ബന്ധത്തെക്കുറിച്ചും ഫലപ്രദമായ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു.
സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ഇസ്താന കൊട്ടാരത്തിൽ നൽകിയത്. ഔദ്യോഗിക ബഹുമതികളോടെ കൊട്ടരത്തിലേക്ക് ആനയിച്ച സംഘത്തെ സ്വീകരിക്കാൻ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം മുൻനിരയിൽ ഉണ്ടായിരുന്നു. അവർക്ക് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. പിന്നീട് രണ്ട് നേതാക്കളും സ്വീകരണ മന്ദിരത്തിലേക്ക് പോയി. അവിടെ സുൽത്താൻ സന്ദർശക പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. യോഗത്തിൽ ഒമാനി, സിംഗപ്പൂർ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തു.
സുൽത്താന് സിംഗപ്പൂരിൽ നൽകിയ ഔദ്യോഗിക വരവേൽപ്പ്
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയർ ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു മന്ത്രി എൻജിനിയർ സലിം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ-അറ്റ്-ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, സിംഗപ്പൂരിലെ ഒമാൻ എംബസിയുടെ ചുമതലയുള്ള അൻവർ ബിൻ അഹമ്മദ് മുഖാബിൽ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സുൽത്താനെ അനുഗമിക്കുന്നത്.
തന്റെ പേരിലുള്ള ഓർക്കിഡ് പുഷ്പത്തിനടുത്ത് സുൽത്താൻ ഹൈതം ബിൻ താരിഖ്
സുൽത്താന്റെ പേരിൽ ഓർക്കിഡ് പുഷ്പം; സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ് സന്ദർശിച്ചു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ് സന്ദർശിച്ചു. ചരിത്രപരമായ സിംഗപ്പൂർ സന്ദർശനത്തിന്റെ ഓർമക്കായി പുതിയ ഓർക്കിഡ് പുഷ്പത്തിന് സുൽത്താന്റെ പേര് നൽകുകയും ചെയ്തു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന ഈ പ്രവർത്തിക്ക് സുൽത്താൻ നന്ദി അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പൈതൃക പട്ടികയിൽ ഇടം നേടിയതാണ് സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻ. ഗാർഡനിലെ ഓർക്കിഡുകൾക്ക് രാജാക്കന്മാർ, പ്രസിഡന്റുമാർ, രാഷ്ട്ര നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ നൽകുന്നത് 50 വർഷത്തിലേറെയായി തുടരുന്ന പാരമ്പര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.