റാഖ അൽ മദ്ര സ്ഥലത്ത് നടത്തിയ പുരാവസ്തു ഖനനം
മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ റാഖ അൽ മദ്ര സ്ഥലത്ത് നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ വെങ്കലയുഗത്തിലെ വാസസ്ഥലം കണ്ടെത്തി.
അമേരിക്കൻ ദൗത്യവുമായി സഹകരിച്ച് പൈതൃക, ടൂറിസം മന്ത്രാലയം നടത്തിയ ഖനനങ്ങളിൽ ബിസി 3200 മുതൽ 2700 വരെയുള്ള നിരവധി ശവക്കുഴികളും വെങ്കലയുഗത്തിലെ നാല് കെട്ടിടങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഈ സീസണിലെ ഖനനങ്ങൾ ബാത്ത് പുരാവസ്തു സ്ഥലത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന റാഖ അൽ-മദ്ര പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് അമേരിക്കൻ പുരാവസ്തു ദൗത്യത്തിന്റെ തലവനായ പെൻസിൽവാനിയ സർവകലാശാലയിലെ ഡോ. ജെന്നിഫർ സുരേദ പറഞ്ഞു.
വെങ്കലയുഗത്തിലെ ഏറ്റവും വലിയ കെട്ടിടം ഒരു വസതിയാണോ അതോ ഒരു കമ്മ്യൂണിറ്റി പ്രവർത്തന കേന്ദ്രമാണോ എന്ന് നിർണയിക്കാനായിരുന്നു ഈ ഉദ്ഖനന ശ്രമങ്ങൾ നടത്തിരുന്നുവെന്നതെന്ന് ഡോ. സുരേദ അഭിപ്രായപ്പെട്ടു.
ഖനനത്തിൽ നിന്ന് അടുപ്പുകളും ചുവരുകളും കണ്ടെത്തി. ഇത് ആദ്യകാല ഇസ്ലാമിക കാലഘട്ടം വരെ ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നു. തീക്കല്ലിൽ നിർമിച്ച അമ്പടയാളം, ഉമ്മുൽ നാർ കാലഘട്ടത്തിലെ കാർണേലിയൻ അമ്യൂലറ്റ്, മൺപാത്ര കഷണം, ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ ഒരു ലോഹ ഉപകരണ തല, സിന്ധു നദീതടത്തിൽനിന്ന് ഇറക്കുമതി ചെയ്ത സെറാമിക് പാത്രം, കാർണേലിയൻ കഷണം എന്നിവയാണ് കണ്ടെത്തിയ പുരാവസ്തുക്കളിൽ ഉൾപ്പെടുന്നത്. റാഖ അൽ മദ്രയിൽ താമസിച്ചിരുന്ന ആളുകളുടെ പ്രവർത്തനങ്ങളും പരിസ്ഥിതിയും മനസ്സിലാക്കാനായി പുരാതന സസ്യങ്ങളുടെ സൂക്ഷ്മ അവശിഷ്ടങ്ങൾ അടങ്ങിയ മണ്ണ് സാമ്പിളുകളും ശേഖരിച്ചു.
ഖനനത്തിൽ കണ്ടെത്തിയ പുരാവസ്തുക്കൾ
1970 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിൽനിന്നുള്ള പുരാവസ്തു ദൗത്യങ്ങളെ ആകർഷിക്കുന്നതായി പൈതൃക, ടൂറിസം മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്ന് ബാത്ത്, അൽ ഖുതും, അൽ ഐൻ എന്നിവിടങ്ങളിലെ പുരാവസ്തു സൈറ്റുകളുടെ വകുപ്പിലെ സാങ്കേതിക വിഭാഗം മേധാവി സുലൈമാൻ ബിൻ ഹമൂദ് അൽ-ജാബ്രിപറഞ്ഞു. ബാത്ത് സൈറ്റിൽ ഡാനിഷ് , ജർമൻ, ജാപ്പനീസ്, ഫ്രഞ്ച്, ഇറ്റാലിയൻ സർവകലാശാലകളിൽ നിന്നുള്ള ദൗത്യങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്. പെൻസിൽവാനിയ സർവകലാശാലയും ലൈഡൻ സർവകലാശാലയും തമ്മിലുള്ള പങ്കാളിത്തമുള്ള നിലവിലെ ദൗത്യം 2007 മുതൽ സജീവമാണ്. ടവറുകൾ, ശവകുടീരങ്ങൾ, കെട്ടിടങ്ങൾ എന്നിവ പഠിക്കുന്നതിനൊപ്പം ബാത്ത് സൈറ്റിലെയും പരിസര പ്രദേശങ്ങളിലെയും മണ്ണ് സാമ്പിളുകൾ, ജലസ്രോതസ്സുകൾ, മഴയുടെ അളവ് എന്നിവയും വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.