മസ്കത്ത്: മാസങ്ങളുടെ ഇടവേളക്കുശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്കു കടക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം നിലവിൽ 1972 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഡിസംബർ 30 വരെ 935 പേർക്കായിരുന്നു കോവിഡ് പിടിപെട്ടത്.
എന്നാൽ, ഒരാഴ്ചക്കിടെ മാത്രം 1266 പേർക്കാണ് മഹാമാരി ബാധിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. 285 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. ദിനേനയുള്ള കോവിഡ് കേസുകളുടെ വർധന നേരിയ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസം 200ന് മുകളിലാണ് കേസുകൾ. മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
263 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഉയർച്ച വന്നിട്ടുണ്ട്. നിലവിൽ 24 പേരാണ് രാജ്യത്തെ വിവിധങ്ങളായ ആതുരാലയങ്ങളിൽ കഴിയുന്നത്.
ഇതിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡിസംബർ അവസാനമൊക്കെ ദിനേന ഒന്നും രണ്ടും ആളുകളെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മാത്രം ഒമ്പതുപേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോവിഡിന്റെ മറ്റൊരു തരംഗത്തിലേക്ക് രാജ്യം നീങ്ങാതിരിക്കാൻ പ്രതിരോധനപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് അധികൃതർ. വിദേശികളടക്കമുള്ളവർക്ക് വിവിധ ഗവർണറേറ്റുകളിൽ ബൂസ്റ്റർ ഡോസ് നൽകിവരുന്നുണ്ട്.
വാക്സിനുകളുടെ ഫലപ്രാപ്തി ഒരു കാലയളവിനുശേഷം കുറയുന്നതിനാൽ പുതിയ വകഭേദങ്ങളടക്കമുള്ളവയെ നേരിടാൻ മൂന്നാം ഡോസ് അനിവാര്യമാണെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ ഹോട്ടലുകളും റസ്റ്റാറന്റുകളും പാലിക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം നിർദേശങ്ങൾ ലംഘിച്ച മസ്കത്തിലെയും സലാലയിലെയും പ്രമുഖ ഹോട്ടലുകൾക്കെതിരെയും കഴിഞ്ഞ ആഴ്ചകളിൽ മന്ത്രാലയം നടപടിയെടുത്തിരുന്നു.
വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. രണ്ടു ഡോസ് വാക്സിനെടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.