‘ഒമാനിലെ സ്ത്രീകൾ പോരാടുന്നവരാണ്, ശക്തരാണ്. ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരാണ്. സ്ത്രീകളെ എല്ലാ നിലയിലും ചേർത്തുപിടിക്കാനും അവകാശങ്ങൾ ഉറപ്പാക്കാനും ഒമാൻ പോലൊരു വലിയ ദേശത്തിന് കഴിയുന്നു എന്നത് എത്ര വലിയ കാര്യമാണ്’ -20 വർഷത്തിനു മുകളിലായി പഠിച്ചും പഠിപ്പിച്ചും ഒമാനിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന, ‘The Pause Consultancies'ന്റെ തുടക്കക്കാരിയും ഉടമസ്ഥയുമായ ഡോ. യാസ്മിൻ അൽ ബലൂഷിയുടെ വാക്കുകളാണിത്. ഒമാനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ആദ്യ വനിത മേധാവിയും റോയൽ അക്കാദമി ഓഫ് മാനേജ്മെന്റിൽ സീനിയർ അഡ്വൈസറുമാണ് ഡോ. യാസ്മിൻ.
ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഗൾഫ് മാധ്യമ’വുമായി വിശേഷങ്ങൾ പങ്കുവെക്കവേ, ഒമാനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്ത്രീകളെ ചേർത്തുപിടിക്കുന്ന സുൽത്താനേറ്റിനെ കുറിച്ചാണ് യാസ്മിൻ അൽ ബലൂഷി പറഞ്ഞു തുടങ്ങിയത്. ഒമാനിൽ മനുഷ്യശേഷി വികസിപ്പിക്കുകയും ഗുണമേന്മയുള്ള സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് വ്യത്യസ്ത രീതികളിലൂടെ നേതൃത്വവും ദിശയും നൽകുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സുപരിചിതയാണ് യാസ്മിൻ അൽ ബലൂഷി. ഒമാനിലെ സ്ത്രീകളുടെ സാംസ്കാരിക, കലാപരമായ കഴിവുകളെ വളർത്തുന്നതിലും അവരെ പിന്തുണക്കുന്നതിനും ഒരു സ്ത്രീ എന്ന നിലയിൽ ഇവർ നടത്തിയ പങ്ക് വളരെ വലുതാണ്.
ഒമാൻ എത്ര വലിയൊരു ദേശമാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കായുള്ള അവകാശങ്ങൾ ഉറപ്പാക്കിയ രാജ്യം. ഒമാൻ എപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾ എല്ലാ മേഖലകളിലും ഉറപ്പാക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുള്ളത്, പുരുഷന്മാരേക്കാൾ മികച്ച അവകാശങ്ങൾ ഞങ്ങൾ ഇവിടെ സ്വന്തമാക്കുന്നുണ്ടെന്നാണ്. ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടുകൾ നോക്കൂ, സ്ത്രീകളുടെ അവകാശങ്ങൾക്കും പങ്കാളിത്തത്തിനും വലിയ പുരോഗതി സംഭവിച്ചിട്ടുണ്ടിവിടെ. സ്ത്രീകൾക്കുവേണ്ടി, അവരുടെ ഉന്നമനത്തിന് സഹായകമായിട്ടുള്ള എത്രയോ പദ്ധതികൾ ഇതുവരെ ഇവിടെ ഉണ്ടായിട്ടുണ്ട്.
അതിന് ഉദാഹരണമാണ് ‘അടിസ്ഥാന വിദ്യാഭ്യാസ നിയമം’. ഈ നിയമം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുനൽകുന്നു. ഒമാനിലെ സ്ത്രീകളുടെ സാക്ഷരത നിരക്ക് വർധിപ്പിക്കാനും സ്ത്രീകളെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തയാക്കാനും ഈ നിയമം വഴി സാധിച്ചിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയില്ലേ?അതുപോലെ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളർത്തുന്ന തരത്തിലുള്ള നിയമങ്ങളും സവിധാനങ്ങളും ഇവിടെയുണ്ട്.
സ്വകാര്യ മേഖലയിലെ അംഗീകാരം നോക്കൂ, സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം ഒരുക്കുന്നതിൽ ഒമാൻ എത്ര മുന്നിലാണ്. എന്നെ ഇന്നീ കാണുന്ന എന്നിലേക്കെത്തിച്ചതിൽ ഒരുപാട് പേർക്ക് പങ്കുണ്ട്. പക്ഷേ, എന്റെ മാതാപിതാക്കൾ തന്നെയാണ് എന്റെ റോൾ മോഡൽ. സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ പിതാവിൽ നിന്നാണ് ഞാൻ പഠിച്ചത്. കഠിനപ്രയത്നത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂ എന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഞാൻ ചെയ്യുന്ന കാര്യങ്ങൾക്കുപിന്നിലെ ആത്മാർഥതയും ഇഷ്ടവും അതുവഴി വന്നതാണ്.
ഒമാൻ എന്ന രാജ്യത്തിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്, ഉയരങ്ങൾ കീഴടക്കാനുണ്ട്. സ്വദേശികളെ പോലേ വിദേശികൾക്കും അതിൽ കൃത്യമായ പങ്കുണ്ട് എന്നത് നന്ദിയോടെ സ്മരിക്കുന്നു. എല്ലാവർക്കും ദേശീയ ദിനാശംസകൾ നേരുന്നു. ഒരു രാജ്യം നൽകുന്ന സുരക്ഷിതത്വത്തിനും പിന്തുണക്കും വലിയ ഉദാഹരണം തന്നെയാണ് യാസ്മിൻ അൽ ബലൂഷി എന്ന ഒമാനി വനിത. അവരുടെ സംസാരത്തിലും പ്രവൃത്തികളിലും അത് വ്യക്തവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.