മസ്കത്ത്: ലോകത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു ഇ. അഹമ്മദെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ. മുൻ വിദേശകാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന ഇ. അഹമ്മദിന്റെ പേരിൽ മസ്കത്ത് കെ.എം.സി.സി നൽകിവരുന്ന ഇ. അഹമ്മദ് എക്സലൻസ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധതകൊണ്ട് രാഷ്ട്രീയ എതിരാളികൾപോലും അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു.
ഇന്ത്യൻ യുവത്വത്തെയും വനിതകളെയും ശാക്തീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായി രുന്നു. ലോകത്തെ വിവിധ ജാതി മതസ്ഥരായ മനുഷ്യരെല്ലാം ഒന്നാണെന്ന് ഉദ്ബോധിപ്പിക്കുന്നതായിരുന്നു ഐക്യരാഷ്ട്രസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. മികച്ച സേവനം കാഴ്ചവെക്കുന്ന മസ്കത്ത് കെ.എം.സി.സിയുടെ 33 ഏരിയ കമ്മിറ്റികളെ പ്രഫ. ഖാദർ മൊയ്തീൻ അഭിനന്ദിച്ചു.
ഇ. അഹമ്മദ് എക്സലൻസ് അവാർഡ് 2023 രമ്യ ഹരിദാസ് എം.പി ഏറ്റുവാങ്ങി. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രഫ. ഖാദർ മൊയ്തീൻ പുരസ്കാരം കൈമാറി. ഇ. അഹമ്മദിനെ പോലെയുള്ള ഒരു പാർലമെന്റേറിയന്റെ പേരിലുള്ള അവാർഡ് ലഭിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഗൾഫാർ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ ഡോ. പി. മുഹമ്മദലി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗം അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അബ്ദുസ്സമദ് പൂക്കാട് ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഒമാനിലെ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സ്വാഗതവും ട്രഷറർ പി.ടി.കെ. ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.