മസ്കത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന ഒമാന്റെ പ്രഥമ റോക്കറ്റായ ദുകം -1ന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാന്റെ ബഹിരാകാശത്തിന്റെയും ശാസ്ത്രീയ സംരംഭങ്ങളുടെയും സുപ്രധാന നാഴികക്കല്ലായ റോക്കറ്റിന്റെ വിക്ഷേപണ ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കാൻ അനുയോജ്യമായ കാലാവസ്ഥ ആവശ്യമാണ്.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് വിക്ഷേപണം പുനഃക്രമീകരിക്കുമെന്ന് നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനിയുമായി (നാസ്കോം) സഹകരിച്ച് മന്ത്രാലയം വ്യക്തമാക്കി. റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് കാറ്റിന്റെ വേഗം, അന്തരീക്ഷ സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് വിക്ഷേപണം മാറ്റിവെക്കാൻ തീരുമാനിച്ചത്.
ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽനിന്ന് രാവിലെ അഞ്ചു മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിനായി ഒരുക്കമെല്ലാം പൂർത്തിയാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതോടെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. റോക്കറ്റ് വിക്ഷേപണത്തിന്റെ പുതിയ തീയതി അറിയിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അധികൃതർ പ്രഖ്യാപിക്കും.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്.
ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവത്കരിക്കുക, നിക്ഷേപം ആകർഷിക്കുക, സ്വകാര്യമേഖല പങ്കാളിത്തം വളർത്തുക തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്. പൂർണവും പ്രവർത്തനക്ഷമവുമായ ബഹിരാകാശ പോർട്ട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ഘട്ടം കൂടിയാണ് ഈ പദ്ധതിയെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി അറിയിച്ചിരുന്നു.
പരീക്ഷണ വിക്ഷേപണം നടക്കുന്നതിനാൽ ദുകം മറൈൻ മേഖലക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സമയങ്ങളിൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദേശിച്ചിരുന്നു. പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അന്തർദേശീയ സുരക്ഷ മാനദണ്ഡങ്ങൾക്കും അനുസൃതമായി ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരീക്ഷണ വിക്ഷേപണം. ആദ്യ റോക്കറ്റ് വിക്ഷേപണം സാധ്യമാക്കുന്നതിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.