മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന ഈദ് ഗാഹുകൾ സ്നേഹ സംഗമവേദിയായി മാറി. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യമായിരുന്നു വിവിധ ഇടങ്ങളിൽ ഒരുക്കിയിരുന്നത്.
പുലർച്ചെ തന്നെ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഒഴുകിത്തുടങ്ങിയിരുന്നു. പ്രസന്നമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷം സാഹോദര്യവും സ്നേഹവും കൈമാറിയാണ് അവർ മടങ്ങിയത്. മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയതടക്കമുള്ള പണ്ഡിതന്മാരാണ് നേതൃത്വം നൽകിയത്. ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ അസീസ് വയനാട് നേതൃത്വം നൽകി. ലോക മുസ്ലിംകൾ പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടുന്നുണ്ടെങ്കിലും അത് തരണം ചെയ്യാനുള്ള ആത്മവീര്യം നൽകുന്നതായിരുന്നു കഴിഞ്ഞ ഒരു മാസത്തെ വ്രതമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽനിന്നുള്ള ചെറുത്തുനിൽപ്പ് വാർത്തകൾ ഇസ്ലാമിക സമൂഹത്തിന് പ്രതീക്ഷയേകുന്നതാണെന്നും അബ്ദുൽ അസീസ് വയനാട് പറഞ്ഞു.
നോമ്പ് കാലത്ത് നേടിയെടുത്ത ജീവിത വിശുദ്ധി തുടർ ജീവിതത്തിലും വിശ്വാസികൾ പുലർത്തണമെന്ന് മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടന്ന ഈദ് ഗാഹിന് നേതൃത്വം നൽകിയ സി.ടി. സുഹൈബ് പറഞ്ഞു.
മുസന്ന ഷൂപാര്ക്കിനു പിന്‍വശത്ത് നടന്ന ഈദ് ഗാഹിന് ഹമീദ് വാണിയമ്പലം, ഇബ്രി മുർതഫ ഫാം ഹൗസിൽ ജമാൽ പാലേരി, സൂർ അൽഹരീബ് ഗാർഡനിൽ റഹുമത്തുല്ല മഗ്രിബി, ഖദറ അൽ ഹിലാൽ ഫുട്ബാൾ ഗ്രൗണ്ടിൽ ജുനൈസ് വണ്ടൂര്‍, നിസ്വ അൽ ഖബാഈലിന് സമീപം അൽനസർ മൈതാനത്ത് സി. നൗഷാദ് അബ്ദുല്ലാഹ്, ബു അലി അൽവഹ്ദ സ്റ്റേഡിയം, സി. അലി മട്ടന്നൂർ എന്നിവർ ഈദ്ഗാഹിന് നേതൃത്വം നൽകി.
റമദാനിലെ ദിനരാത്രങ്ങളിൽ കരഗതമാക്കിയ വിശ്വാസ ചൈതന്യം ജീവിതത്തിൽ ഉടനീളം തുടരണമെന്നും സാഹോദര്യാധിഷ്ഠിതമായ ജീവിത സന്ദേശം ഇതരർക്ക് കൂടി പകർന്നു നൽകണമെന്ന് ബർക്ക സൂഖ് മറീനയിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ മുഹമ്മദ് ഷഫീഖ് കോട്ടയം ആഹ്വാനം ചെയ്തു. വർഗീയതയുടെ വിത്തുകൾ പാകി വിദ്യാർഥി യുവജനങ്ങളെ വരുതിയിലാക്കാനുള്ള വർത്തമാനകാല കുതന്ത്രങ്ങൾ കരുതിയിരിക്കണമെന്ന് അദ്ദേഹം ഉണർത്തി.
സഹോദര സമുദായാംഗങ്ങളായ നിരവധി പേർ പങ്കെടുത്ത ഈദ്ഗാഹ് ബർക്കയിലെ സ്നേഹസംഗമ വേദിയായി മാറി.
റൂഹുല്ലാഹ്, കെ.എച്ച്. ഇബ്രാഹിംകുട്ടി, സജാം അബ്ദുൽ സലാം, അസ്ലം, നദീർ, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഒമാനിന്റെ കീഴില്‍ നടന്ന ഈദ്ഗാഹുകളില് റൂവി മസ്കത്തില് ഷെമീര്‍ ചെന്ത്രാപ്പിന്നി, വാദി കബീറില്‍ സഫറുദ്ദീന്‍ മാഹി, സീബ് ആല് ഹൈലില്‍ ഹാഷിം അംഗടിമുകര്‍, സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ എം. അബ്ദുറഹ്മാന് സലഫി, റൂവി റൂവി അൽകറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ ഷമീർ ചെന്ത്രാപ്പിന്നി എന്നിവർ നേതൃത്വം നല്കി.
മനുഷ്യരെ മുഴുവന്‍ ഒന്നായി കാണാനും സഹിഷ്ണുതയോടെയും സഹവര്‍ത്തിത്തത്തോടെയും വര്‍ത്തിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് ഈദ് ഖുതുബയിലൂടെ ഖതീബുമാര്‍ ഉദ്ബോധിപ്പിച്ചു. വർഗീയതക്കും ഫാഷിസത്തിനുമെതിരെ എല്ലാ മതേതര കക്ഷികളും പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്ക്കാന് ഉള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ഈദ് ഖുതുബയിലൂടെ ഉണര്‍ത്തി.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആഭിമുഖ്യത്തിൽ ഒമാനിലെ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടന്നു.
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ത്വൽഹത്ത് സ്വലാഹി, സീബ് അൽ ഹൈൽ ഈഗിൾസ് ഗ്രൗണ്ടിൽ സഅഫർ സ്വാദിക് മദീനി, സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ സാജു ചെംനാട്, സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം നടന്ന നമസ്കാരത്തിന് സഈദ് ചാലിശ്ശേരി (അബൂദബി), ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിൽ മൻസൂർ അലി ഒറ്റപ്പാലം എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി. ഒമാൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ മത്ര സൂക്ക് പൊലീസ് സ്റ്റേഷന് സമീപം സംഘടിപ്പിച്ച ഈദ്ഗാഹിൽ ജരീർ പാലത്ത് ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി.
ബർക്ക സൂഖ് മറീനയിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽനിന്ന്
മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടന്ന ഈദ് ഗാഹിന് സി.ടി. സുഹൈബ് നേതൃത്വം നൽകുന്നു
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ നടന്ന ഈദ്ഗാഹിൽ എം. അബ്ദുറഹ്മാന് സലഫി പെരുന്നാൾ സന്ദേശം നൽകുന്നു
റൂവി അൽകറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹ്
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ത്വൽഹത്ത് സ്വലാഹി നേതൃത്വം നൽകുന്നു
സീബ് അൽഹെയിൽസ് ഈഗിൾസ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.