മസ്കത്ത്: ജനുവരി എട്ടുമുതൽ 31വരെ നഖലിലെ ഖബ്ബത്ത് അൽ ജാദനിൽ 'എക്സ്പീരിയൻസ് സൗത്ത് ബാത്തിന' എന്ന പേരിൽ നടക്കുന്ന ഫോറത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി തെക്കൻ ബാത്തിന ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷിമി പറഞ്ഞു.
ഗവർണറേറ്റിന്റെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണവും വർധിപ്പിക്കാനും ഒമാനിൽനിന്നും വിദേശത്തു നിന്നുമുള്ള സന്ദർശകരെ ആകർഷിക്കാനും തെക്കൻ ബാത്തിനയെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഫോറം നടത്തുന്നത്.
കാർ റേസ്, സാൻഡ് ബൈക്കിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ ആവേശകരമായ കായിക മത്സരങ്ങൾക്കൊപ്പം കുതിര, ഒട്ടക ഓട്ടമത്സരം ഉൾപ്പെടെയുള്ള പരമ്പരാഗത മത്സരങ്ങൾ സന്ദർശകർക്ക് പ്രതീക്ഷിക്കാം. മറൈൻ സ്പോർട്സ്, ബീച്ച് ഗെയിമുകൾ, പരമ്പരാഗത ഒമാനി ജീവിതശൈലിയിലേക്ക് നേർക്കാഴ്ച നൽകുന്ന ഒരു പൈതൃക ഗ്രാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തിയറ്റർ പ്രകടനങ്ങൾ, കച്ചേരികൾ, സർക്കസ്, മാജിക് ഷോകൾ, ലേസർ ഡിസ് പ്ലേകൾ എന്നിവ വിനോദ ഇനങ്ങളിലുണ്ടായിരിക്കും. ടെക്നോളജി പ്രേമികൾക്കായി, ഇലക്ട്രോണിക് ഗെയിമുകൾക്കും വെർച്വൽ റിയാലിറ്റി അനുഭവങ്ങൾക്കുമായി പ്രത്യേക ഇടങ്ങളും ഒരുക്കും.
ഗവർണറേറ്റിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക ബിസിനസുകളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനുമായി ഒരു പ്രൊമോഷനൽ എക്സിബിഷനും ആസൂത്രണം ചെയ്തിട്ടുണ്ട്. വർത്തനങ്ങൾ കേവലം വിനോദത്തിനല്ലെന്നും ഗവർണറേറ്റിന്റെ പൈതൃകം പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക മേഖലകളെ പിന്തുണക്കുന്നതിനുമാണെന്ന് ഗവർണർ ഹാഷിമി പറഞ്ഞു.
സന്ദർശകരുടെ ഇടപഴകൽ വർധിപ്പിക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന മുജാബ് എന്ന മൊബൈൽ ആപ് ഗവർണറേറ്റ് പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.