മസ്കത്ത്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നടപടിയെ ഒമാൻ അപലപിച്ചു. അമേരിക്കയുടെ പക്ഷപാതപരമായ തീരുമാനത്തെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ നടപടി മാനുഷിക മാനദണ്ഡങ്ങളോടുള്ള ലജ്ജാകരമായ അവഹേളനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ്ദ് ബദർഹമദ് അൽബുസൈദി എക്സിൽ കുറിച്ചു. സയണിസത്തിനുവേണ്ടി അമേരിക്ക നിരപരാധികളായ സാധാരണക്കാരുടെ ജീവൻ ബലിയർപ്പിക്കുന്നതിൽ ഖേദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക വീറ്റോ ചെയ്തതോടെ 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയിൽ പാസായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു. ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.