മസ്കത്ത്: വിരൽത്തുമ്പുകളെ മാസ്മരികമായി ചലിപ്പിച്ച് ലോകത്തോളം പറന്നുയർന്ന മലയാളത്തിന്റെ വയലിനിസ്റ്റ് മനോജ് ജോർജ് തിരിതെളിയിച്ച വിസ്മയ രാവ് മസ്കത്തിലെ കലാപ്രേമികൾക്ക് പുത്തൻ അനുഭൂതിയായി. കലയുടെ വിസ്മയ ചെപ്പുമായി ‘ഗൾഫ് മാധ്യമം’ അണിയിച്ചൊരുക്കിയ ഹാർമോണിയസ് കേരള സുന്ദര രാവാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും സംവിധാനകലയുടെ മാസ്മരികൻ കമലും അണിനിരന്ന ആഘോഷം മനസ്സിൽ എന്നും കാത്തുവെക്കാനുള്ള മറ്റൊരു കലാസംഗീത രാവായി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസും ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ചടങ്ങിന് ധന്യത പടർത്തി.
കുഞ്ചാക്കോ ബോബന്റെയും കമലിന്റെയും സിനിമകളിലെ മുഹൂർത്തങ്ങൾ കോർത്തിണക്കിയതായിരുന്നു കലാപരിപാടികൾ. അഭിനയജീവിതത്തിെൻറ 25ാം വാർഷിക നിറവിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ചാക്കോ ബോബനുള്ള ആദരവുകൂടിയായിരുന്നു പരിപാടി. പ്രസിദ്ധ പിന്നണി ഗായകൻ സുധീപ് കുമാറിനൊപ്പം യുവ ഗായകരായ അക്ബർ, ജാസിം, നിത്യ മേനോൻ, യുംന, ചിത്ര അരുൺ എന്നിവരുടെ പാട്ടുകൾ ആംഫി തിയറ്ററിനെ പുളകമണിയിച്ചു.
റംസാനും സംഘവും നിറഞ്ഞാടിയ നൃത്തം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു. നൃത്തച്ചുവടുകളോടെ കുഞ്ചാക്കോ ബോബനെ വേദിയിലേക്കാനയിച്ചത് കാണികൾക്ക് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. ശബ്ദാനുകരണ കലയിലെ പുത്തൻ വാഗ്ദാനം മഹേഷ് കുഞ്ഞിമോൻ പിണറായി വിജയൻ, മെസ്സി എന്നിവരടക്കം 40 പ്രമുഖരുടെ ശബ്ദാനുകരണം േപ്രക്ഷകർക്ക് ഏറെ ബോധിച്ചു. മനോജ് ജോർജിന്റെ വയലിൻ വായനയുടെ നിറവിൽ ജനക്കൂട്ടത്തിലിറങ്ങിയ അവതാരകനായ മിഥുൻ കാണികള കൈയിലെടുക്കുകയും ചെയ്തു.
സിനിമാജീവിതത്തിന്റെ 40 വർഷം പൂർത്തിയാക്കുന്ന കമലിനെ നിറഞ്ഞ ബഹുമതിയോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് എതിരേറ്റത്. ആഘോഷ മുഹൂർത്തങ്ങൾ നിറഞ്ഞ മൂന്നര മണിക്കൂർ കടന്നുപോയതറിയാതെ നിറഞ്ഞ മനസ്സുമായാണ് ആയിരങ്ങൾ വേദി വിട്ടിറങ്ങിയത്.
‘ഹാർമോണിയസ് കേരളയുടെ ചടങ്ങിൽ പരിപാടിയുടെ സഹ സ്പോൺസർമാരായ നൂർ പ്രസ്റ്റീജ് മാനേജിങ് ഡയറക്ടർ സജിമോൻ ജോർജ്, കോസ്മോ ട്രാവൽ ഒമാൻ കൺട്രി മാനേജർ റഷീദ് മന്നന്തല, ഗോൾഡൻതുലിപ് ഓപറേഷൻ ഹെഡ് കെ.വി. ഉമ്മർ, ഗൾഫ് ആർട് ഇന്റർനാഷനൽ ക്രിയേറ്റിവ് ഡയറക്ടർ ഫാസില മുഹമ്മദ് ഹനീസ്, ഫുഡ്ലാന്റ്സ് റസ്റ്റാറന്റ് ഓപറേഷൻ ഹെഡ് വിപിൻ, റുബൂഹ അൽഹറം ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, അൽഹുസ്നി ആൻഡ് പാർട്ണേഴ്സിനുവേണ്ടി ഫായിസ് മഠത്തൊടി, ആയുഷ് ആയുർവേദ ക്ലിനിക് മെഡിക്കൽ ഓഫിസർ ഡോ. നാസിയ നിയാസ് എന്നിവർ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.