മസ്കത്ത്: കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ആദരാജ്ഞലികൾ അർപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാമ്പിൽ നടത്തിയ അനുശോചനയോഗത്തിൽ തൊഴിലാളികൾക്ക് സുരക്ഷ ബോധവൽക്കരണവും നടത്തി. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണ് സംഭവിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കേരള-സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആവശ്യപ്പെട്ടു.
എല്ലാ തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് നമ്മൾ ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും തികഞ്ഞ ജാഗ്രതയുണ്ടായിരിക്കണമെന്നും ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ.എം.കെ. പ്രസാദ് ഓർമ്മപ്പെടുത്തി. മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമാണ് കുവൈത്തിലെ ദുരന്തമെന്നും പ്രതീക്ഷകളുടെ ചിറകിലേറി സ്വപ്നഭൂമിയിൽ വന്നിറങ്ങിയവർ ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിവച്ചു യാത്രയാകുമ്പോൾ അവരുടെ ഉറ്റവർക്ക് താങ്ങും തണലുമാകാൻ നമുക്ക് കഴിയണമെന്നും ഒ.ഐ.സി.സി / ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ സജി ഔസേഫ് പിച്ചകശ്ശേരിൽ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഒ.ഉമ്മൻ അനുശോചന സന്ദേശം നൽകി.
തൊഴിലാളികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ച് സ്വയം ബോധവാൻമാരായിരിക്കണമെന്നും അധികാരികൾ നൽകുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും ഇൻകാസ് ഒമാൻ ദേശീയ സെക്രട്ടറി റെജി ഇടിക്കുള ആഹ്വാനം ചെയ്തു. ഇൻകാസ് ഒമാൻ ദേശീയ നേതാക്കളായ സജി ചങ്ങനാശ്ശേരി, ബിന്ദു പാലക്കൽ, വിജയൻ തൃശൂർ, ജാഫർ കായംകുളം, തോമസ് മാത്യു, അജോ കട്ടപ്പന, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.