മസ്കത്ത് : ഒമാനിലെ ഇന്ത്യക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ക്ലബ് എല്ലാവർഷവും നൽകി വരുന്ന `ഇന്ത്യൻ ഓഫ് ദ ഇയർ 2024' പുരസ്കാരത്തിന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഈസ് അർഹനായി. അൽ ബൂസ്താൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനാതിപതി അമിത് നാരംഗ് പുരസ്കാരം കൈമാറി.
ഒമാനിൽ അഹമ്മദ് റഈസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വിദ്യാഭ്യാസ, സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അവാർഡ് നൽകിയത്. മുൻ കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ ഇ. അഹമ്മദിന്റെ മകനാണ് അഹമ്മദ് റഈസ്. കോവിഡ് കാലത്ത് ഒമാനിലെ മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സമൂഹത്തിനാകമാനം തുല്യതയില്ലാത്ത സേവനമാണ് അഹമ്മദ് റഈസിന്റെ നേതൃത്വത്തിൽ മസ്കത്ത് കെ.എം.സി.സി കാഴ്ചവെച്ചത്.
കുറഞ്ഞ ചെലവിൽ ഒരുക്കിയ നിരവധി ചാർട്ടേർഡ് വിമാനങ്ങൾ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് അഹമ്മദ് റഈസ് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് ആകുന്നത്.
ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഭാരവാഹികൾ സംബന്ധിച്ചു. അതെ സമയം തനിക്കു ലഭിച്ച `ഇന്ത്യൻ ഓഫ് ദ ഇയർ' പുരസ്കാരം ഒമാനിലെ ആയിരക്കണക്കിനുവരുന്ന മാനവികത മാത്രം ലക്ഷ്യമാക്കി ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയും സ്വീകരിക്കാതെയും പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി അഹമ്മദ് റഈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.