മസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയുടെ 32ാമത് സ്ഥാപകദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മസ്കത്ത് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് വൈസ് ചാൻസലർ ഡോ. സഈദ് ബിൻ ഹമദ് അൽ റുബൈ മുഖ്യാതിഥിയായി. കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിലെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ അവർ അഭിനന്ദിച്ചു.
ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ്, മസ്കത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, വിശിഷ്ടവ്യക്തികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എല്ലാവരേയും നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിയേയും മറ്റുള്ളവരെയും സ്വാഗതംചെയ്ത് പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു. പകർച്ചവ്യാധിയിലുടനീളം സഹകരിച്ചതിന് ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും മറ്റ് അംഗങ്ങൾക്കും സഹ പ്രിൻസിപ്പൽമാർക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു.
സ്കൂൾ സന്ദർശിക്കുന്നതും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും നേട്ടങ്ങളെ കുറിച്ച് കേൾക്കുന്നതുമെല്ലാം എല്ലായ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച സ്കൂളിന്റെ സ്ഥാപകനായ ഡോ. പി. മുഹമ്മദ് അലി പറഞ്ഞു.
ആർട്ടിഫിഷൽ ഇന്റലിജൻസ്, പൈത്തൺ പോലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് സംസാരിച്ചു.
10, പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 10 വർഷവും അതിനുമുകളിലും സേവനം അനുഷ്ഠിച്ച 51 അധ്യാപകരെയും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
സദസ്സിന് നവ്യാനുഭവമായി 'സംഗീത് സമാഗം' പരിപാടിയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.