സലാല: ഇന്ത്യൻ സ്കൂൾ സലാലയുടെ 40ാം വാർഷികാഘോഷം വർണാഭമായി നടന്നു. ഭക്ഷണശാലകളും വൈവിധ്യങ്ങളായ നൃത്തങ്ങളും മികച്ച സംഘാടനവും ഒത്തുചേർന്നതോടെ സലാലയിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാവത്ത രാവാണ് സ്കൂൾ സമ്മാനിച്ചത്.
ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച ആഘോഷ രാവിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം മുഖ്യാതിഥിയായി. നാലുപതിറ്റാണ്ട് കാലമായി സ്കൂളിന്റെ വളർച്ചക്ക് പരിശ്രമിച്ചവരെ അനുമോദിക്കുന്നുവെന്നും ഗൾഫിലെ തന്നെ ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നായി ഇന്ത്യൻ സ്കൂൾ സലാല മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നെഹ്ലത്, ദോഫാർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ആമിർ അലി അൽ റവാസ് എന്നിവർ വിശിഷ്ടാതിഥിയായി. സ്കൂളിനുമുന്നിൽ വലിയ വികസന പദ്ധതികളാണുള്ളതെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ പറഞ്ഞു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ആഘോഷ കമ്മിറ്റി ചെയർമാൻ യാസിർ മുഹമ്മദ്, മറ്റു എസ്.എം.സി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആദ്യക്ഷരത്തിന്റെ വെള്ളിവെളിച്ചം നൽകിയ കലാലയത്തിന്റെ ഇന്നലെകളിലേക്ക് എത്തി നോക്കുന്നത് കൂടിയായിരുന്നു ആഘോഷം. വിവിധ രാജ്യങ്ങളുടെ 40 നൃത്തരൂപങ്ങളാണ് ഒരുക്കിയിരുന്നത്. മെഗാ കാർണിവലിന് ആഘോഷമായി ഇന്ത്യൻ സോഷ്യൽ ക്ലബിന്റെയും വിവിധ ഭാഷ വിഭാഗങ്ങളുടെയും സഹകരണത്തോടെ ഒരുക്കിയ ഭക്ഷണ സ്റ്റാളുകൾ നമ്മുടെ വൈവിധ്യങ്ങളെ വിളിച്ചറിയിക്കുന്നതായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്ന് ചില കലാപരിപാടികൾ റദ്ദാക്കി. അക്കാദമിക് കലണ്ടറിലെ സാധ്യത അനുസരിച്ച് ഇത് മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.