മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാദി കബീർ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന പരിപാടി സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള വ്യക്തികളുടെ സംഗമവേദിയായി മാറി. കോ കൺവീനർ സിദ്ദിഖ് ഹസ്സന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടി ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ ഡയറക്ടറും ചേംബർ ഓഫ് കോമേഴ്സ് ബോർഡ് മെംബറുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്തു.
സമ്പദ്സമൃദ്ധിയും ഐക്യവുമാണ് ഓണാഘോഷത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ഇന്ത്യയുടെതന്നെ വൈവിധ്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ ഉണ്ടെങ്കിലും ഓണംപോലെ വിപുലമായി ആഘോഷിക്കുന്ന വേറൊന്ന് ഇല്ലെന്ന് ഇന്ത്യൻ എംബസിയിൽ പുതുതായി ചുമതലയേറ്റ ഫസ്റ്റ് സെക്രട്ടറി പർദീപ് കുമാർ പറഞ്ഞു. രൂപവത്കൃതമായി കുറഞ്ഞ കാലത്തിനുള്ളിൽതന്നെ മലബാർ വിഭാഗം വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധനേടിയെന്നും ഇനിയുള്ള നാളുകളിലും ഇത് തുടരണമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ പറഞ്ഞു.
കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ സി.എം. സർദാർ, ജനറൽ സെക്രട്ടറി കെ.എം. ഷക്കീൽ, ജോയന്റ് ജനറൽ സെക്രട്ടറി സുഹൈൽ ഖാൻ, സാമൂഹികക്ഷേമ സെക്രട്ടറി പി.ടി.കെ. ഷമീർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ്കുമാർ, മലയാള വിഭാഗം കൺവീനർ അജിത് വാസുദേവൻ, ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം കൃഷ്ണേന്ദു, ഇന്ത്യൻ മീഡിയ ഫോറം കോഓഡിനേറ്റർ മുഹമ്മദ് ഇക്ബാൽ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.
മാവേലിവരവ്, തിരുവാതിരക്കളി, ശാസ്ത്രീയ നൃത്തം, ഉപകരണ സംഗീതം, ലളിതഗാനം, ഓണപ്പാട്ടുകൾ, സിനിമാഗാനങ്ങൾ എന്നിവക്ക് പുറമെ അരങ്ങേറിയ കോൽക്കളിയും അതിഥികൾക്ക് നവ്യാനുഭവമായി. പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ സോഷ്യൽ ക്ലബ് ഭാരവാഹികളായ കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോകൺവീനർ സിദ്ദിഖ് ഹസ്സൻ, ട്രഷറർ നവാസ് ചെങ്കള തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദരിച്ചു. അനീഷ് കവിൽ, അബ്ദുൽകരീം, ഹൈദ്രോസ് പതുവന, താജുദ്ദീൻ, നിതീഷ് മാണി, ജസ്ല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പവിത്ര രാജേഷ് ചടങ്ങിൽ പ്രാർഥനഗീതം ആലപിച്ചു. ഫസ്ന ഫഹദായിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.