മസ്കത്ത്: ഖരീഫ് സീസണിൽ അവശ്യസാധനങ്ങൾക്ക് വിലവർധിപ്പിക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ദോഫാർ ഗവർണറേറ്റിലും പരിസരത്തും അനാവശ്യമായ വില വർധനവുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഖരീഫ് സീസണിനുമുമ്പുള്ള വില ശ്രേണി പിന്തുടരണം.
ഏതെങ്കിലും ചരക്കുകൾക്കോ സേവനങ്ങൾക്കോ അധിക തുക ഈടാക്കുന്നതായി കണ്ടെത്തിയാൽ നിയമ നടപടികൾക്ക് വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മാർക്കറ്റുകളുടെ സ്ഥിതിഗതികൾ പരിശോധിക്കാൻ ദോഫാർ ഗവർണറേറ്റ് സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹകമാനി അടുത്തിടെ സന്ദർശനം നടത്തിയിരുന്നു.
ഏതെങ്കിലും സാധുവായ കാരണത്താൽ വില വർധിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഖരീഫ് സീസണിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് ചില വാണിജ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സി.പി.എ ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
സലാലയിലെ വാലിയിലെ മുഹമ്മദ് ബിൻ സെയ്ഫ് അൽ ബുസൈദിയുമായി സലിം ബിൻ അലി അൽ ഹകമാനി കൂടിക്കാഴ്ച നടത്തി. ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലെ അതോറിറ്റിയുടെ ശ്രമങ്ങളും ഫീൽഡ് മോണിറ്ററിങ് ശക്തമാക്കിയതിന്റെ ഫലമായി വിപണികൾ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.