മസ്കത്ത്: ഹാർമോണിയസ് കേരള സീസൺ മൂന്നാം പതിപ്പിൽ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ വേദിയിലെത്തിയ കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുടെ സ്നേഹവായ്പ്പിൽ ആനന്ദക്കണ്ണീരണിഞ്ഞു. അഭിനയ ജീവിതത്തിന്റെ 25 വർഷങ്ങൾ വേദിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം നടത്തിയ സംസാരത്തിനിടയിലാണ് ചാക്കോച്ചൻ വികാരാധീനനായത്. നാട്ടിലുള്ളവർപോലും കാണിക്കാത്ത ഈ സ്നേഹാദരം എന്നെ വീർപ്പുമുട്ടിക്കുന്നു എന്ന് കണ്ഠമിടറി മലയാളത്തിന്റെ പ്രിയ താരം പറഞ്ഞു. സദസ്സിലുള്ളവർ നൽകിയ വെള്ളം കുടിച്ച ശേഷമാണ് ചാക്കോച്ചൻ സംസാരം തുടർന്നത്.
മസ്കത്തിലുള്ളവർ നൽകുന്ന ഈ സ്നേഹാദരത്തിന് നിങ്ങളോടും ഗൾഫ് മാധ്യമത്തോടും ഏറെ കടപ്പെട്ടിരിക്കുന്നു. ഇനിയും വ്യത്യസ്തവും മികച്ചതുമായ സിനിമകൾ നൽകി ഈ കടം ഞാൻ വീട്ടും. എനിക്ക് കിട്ടുന്ന അംഗീകാരത്തിനും ഉയർച്ചക്കും ഞാൻ അർഹനാണോ എന്നു തോന്നിപ്പോവാറുണ്ട്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. സിനിമാക്കാരനാവാൻ ആഗ്രഹിച്ചിരുന്നില്ല. ഡോക്ടറാവാനായിരുന്നു പഠിച്ചത്. അനിയത്തി പ്രാവിലെ അഭിനയമാണ് സിനിമയിലെത്തിച്ചത്. കുറച്ച് സിനിമകൾക്ക് ശേഷം വിട്ടുനിൽക്കേണ്ടി വന്നു. ഇടവേളക്കുശേഷം സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് മടങ്ങിവരുകയായിരുന്നു -കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഡാൻസിന്റെ അകമ്പടിയോടെയാണ് ചാക്കോച്ചൻ വേദിയിലെത്തിയത്. ഡാൻസർമാരോടൊപ്പം ചുവടുവെച്ചത് പ്രേക്ഷകർക്ക് നവോന്മേഷമായി. നൃത്തവും സംസാരവുമൊക്കെയായി ഏറെനേരം ചാക്കോച്ചൻ വേദിയിൽ നിറഞ്ഞുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.