മസ്കത്ത്: ഒമാനി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനുമായി ‘പ്രൗഡ്ലി ഫ്രം ഒമാൻ’ കാമ്പയിനുമായി ലുലു ഹൈപ്പർമാർക്കറ്റ്. ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ പ്രഥമ പരിഗണന സ്വദേശി ഉൽപന്നങ്ങളാക്കുക എന്ന ലക്ഷ്യവുമായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രാജ്യത്തുള്ള എല്ലാ ലുലുവിന്റെ ശാഖകളിലും കാമ്പയിൻ നടത്തുന്നത്.
ബൗഷർ, അൽ ബന്ദർ, ദാർസൈത്, നിസ്വ, സലാല, ബർക, സുവൈഖ്, സുഹാർ തുടങ്ങിയ ഒമാനിലെ ലുലു ഔട്ട്ലെറ്റുകളിൽ കാമ്പയിനു തുടക്കമായിട്ടുണ്ട്. ഖസബിൽ ഈ ആഴ്ചമുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.ലുലു സുഹാറിലെ കാമ്പയിൻ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ് ഉദ്ഘാടനം ചെയ്തു. മറ്റു ലുലു ഔട്ട്ലെറ്റുകളിൽ വാലികളും അതതു ഗവർണറേറ്റുകളിലെ പ്രമുഖരും കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഒമാനി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു കാമ്പയിൻ ആരംഭിക്കുന്നതിനാൽ സന്തോഷമുണ്ടെന്നും ദേശീയ സമ്പദ്വ്യവസ്ഥയിലേക്കു നേരിട്ട് സംഭാവന ചെയ്യുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി.അനന്ത് പറഞ്ഞു. ഇത് ചെറുകിട ഇടത്തരം സംരഭകരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും വിൽക്കുന്നതിനും മാത്രമല്ല, ഒമാനിൽനിന്നുള്ള തനതായ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി പര്യവേക്ഷണം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യും. കൂടുതലാളുകൾ പ്രാദേശിക ഉൽപന്നങ്ങൾ ഇഷ്ടപ്പെടുന്നതായി ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ഒമാനി ഉൽപന്നങ്ങളെ പിന്തുണക്കുന്നതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ഞങ്ങളെ സഹായിച്ചതിനു വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ‘പ്രൗഡിലി ഫ്രം ഒമാൻ’ കാമ്പയിനെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ഇതു പ്രാദേശിക സമൂഹങ്ങളെ വികസിപ്പിക്കുന്നതിനും രാഷ്ട്രനിർമാണത്തിൽ അവരുടെ പങ്കാളിത്തത്തിനുമുള്ള ജാലകം പ്രദാനം ചെയ്യും. ഈ പരിപാടി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉയർത്താനുള്ള അവസരമാണ്.
മാനി ഉൽപന്നങ്ങൾക്കു വിശാലമായ വിപണിയും ഈ കാമ്പയിൻ ഒരുക്കും. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങളും മറ്റും പരിചയപെടാനും കാമ്പയിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ,അച്ചാറുകൾ, മധുരപലഹാരങ്ങൾ, തേൻ, കരകൗശല വസ്തുക്കൾ തുടങ്ങി വൈവിധ്യങ്ങളായ ഒമാനി ഉൽപന്നങ്ങളാണ് കാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.