മസ്കത്ത്: മലയാളം മിഷന് ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേരളപ്പിറവിദിനാഘോഷവും പ്രവേശനോത്സവവും നവംബര്‍ അഞ്ചിന് ഓൺലൈനിലൂടെ നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിപാടി മലയാളം മിഷന് ഡയറക്ടറും കവിയുമായ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്യും. മലയാളം മിഷനുവേണ്ടി എം.ടി. വാസുദേവന്‍ നായര്‍ തയാറാക്കിയ ഭാഷാപ്രതിജ്ഞ പരിപാടിയില്‍ കുട്ടികള്‍ ഏറ്റുചൊല്ലും.
നവംബര്‍ മാസം മലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ മാതൃഭാഷയായ മലയാളത്തെ പരമാവധി പ്രചരിപ്പിക്കുന്നതിനും ഭാഷാഭിമാനം വളര്‍ത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച് മലയാള ഭാഷയും സംസ്കാരവും പ്രവാസലോകത്തെ കുട്ടികളില്‍ എത്തിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു വരുകയാണെന്നും ഒമാന്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഓണ്‍ലൈനായി ആരംഭിച്ച ക്ലാസുകള്‍ നേരിട്ടുള്ള പഠനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
സുഹാറിലും ഇബ്രയിലും നവംബര്‍ അഞ്ചിന് പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിക്കും. റുസ്താഖ്, അല്‍ ഹെയ്ല്‍, അസൈബ എന്നീ പ്രദേശങ്ങളിലെ ക്ലാസുകള്‍ പുനരാരംഭിക്കാനും മലയാളം മിഷന് തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 92338105 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.