മസ്കത്ത്: അടുത്ത 20 വർഷത്തിനകം മസ്കത്ത് അടക്കം രാജ്യത്തെ നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസനപദ്ധതികളെ കുറിച്ച രൂപരേഖ പ്രസിദ്ധീകരിച്ചു.
റൂവിയിൽ നിന്ന് എയർപോർട്ടിനെയും സീബിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ലൈറ്റ് മെട്രോ റെയിൽ പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഗാലയിൽ പുതിയ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് നിർമിക്കുകയും ചെയ്യും. സാംസ്കാരിക പാരമ്പര്യത്തിലും ഒമാനി മൂല്യങ്ങളിലും അധിഷ്ഠിതമായ ലോകോത്തര നഗരമായി ഗ്രേറ്റർ മസ്കത്തിനെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ബർക്ക കൂടി ഉൾപ്പെടുത്തിയുള്ള ഗ്രേറ്റർ മസ്കത്തിന് വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയായിരിക്കും ഉണ്ടാവുക.
നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം വളർച്ച ഉറപ്പാക്കുന്നതിനുമായി നിശ്ചിത മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികവും നിയമപരവുമായ ആനുകൂല്യങ്ങൾ നൽകാനും തീരുമാനമുണ്ട്. വിമാനത്താവള സോൺ, ഗാല, അൽ ഖൂദിലെയും ഹൽബാനിലെയും ഗവേഷണ സംവിധാനങ്ങൾ, മിസ്ഫ-റുസൈൽ വ്യവസായ മേഖലകൾ എന്നിവ ഇത്തരം ആനുകൂല്യങ്ങൾ നൽകാനുദ്ദേശിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നു. റൂവി, മത്ര മേഖലകളിലും നഗര നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. റൂവിയിൽ നിന്ന് സീബിലേക്കുള്ള മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റസിഡെൻഷ്യൽ മേഖലകൾ തുടങ്ങിയവ വികസിപ്പിച്ചെടുക്കും. മസ്കത്തിലെ വാദികളിൽ ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതത്തിന് സഹായകരമായ വിധത്തിൽ നടപ്പാതകളും പാർക്കുകളും നിർമിക്കും.
മസ്കത്തിന് പുറമെ ഗ്രേറ്റർ എന്ന സങ്കൽപത്തിലാണ് സലാലയും സുഹാറും നിസ്വയും വികസിപ്പിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. സീബിനെയും വടക്കൻ ബാത്തിന ഗവർണറേറ്റിെൻറ ആസ്ഥാനമായ സുഹാറിനെയും ബന്ധിപ്പിച്ച് പാസഞ്ചർ റെയിൽ പാത നിർമിക്കാനും ആലോചനയുണ്ട്.
ഉയർന്ന മൂല്യമുള്ള ധാതുക്കൾ കർശനമായ നിയന്ത്രണങ്ങളോടെ ഖനനം ചെയ്യാൻ അനുവദിക്കും. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്യും.
അടുത്ത 20 വർഷത്തിൽ സുസ്ഥിര സ്ഥല വികസനം ഉറപ്പുവരുത്തുന്നതിനായാണ് രൂപരേഖ (ഒമാൻ നാഷനൽ സ്പെഷൽ സ്ട്രാറ്റജി) തയാറാക്കിയത്. ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള ലക്ഷ്യങ്ങൾക്ക് കൂടി അനുസരിച്ചാണ് പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്.
സാമൂഹിക-സാംസ്കാരിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനൊപ്പം ഒമാെൻറ പ്രകൃതി, സാംസ്കാരിക സമ്പത്തുകൾ അടുത്ത തലമുറക്കായി സംരക്ഷിക്കുന്നതുമാകും ഇവ.
ഭവന നഗരവികസന മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഓരോ ഗവർണറേറ്റിലും നാല് പഞ്ചവത്സര പദ്ധതികളായി തിരിച്ചാകും നഗരവികസന പദ്ധതികൾ നടപ്പാക്കുക. സന്തുലിത വികസനം വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇത് തൊഴിലിനായി നഗരങ്ങൾ തോറുമുള്ള യാത്രകൾ കുറക്കാൻ സഹായിക്കുമെന്നും രൂപരേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.