മസ്കത്ത്: ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിന് തിങ്കളാഴ്ച തുടക്കമാകും. ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
മിഡിലീസ്റ്റിലെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുകയും ബഹിരാകാശ ആപ്ലിക്കേഷനുകളിലും സാങ്കേതികവിദ്യകളിലും നിക്ഷേപിക്കുന്നതിനുള്ള ഒരു പ്രധാന മേഖലയായി മാറ്റാനുമാണുദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. അടുത്ത ദശകത്തിൽ, ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ, പ്രവർത്തനങ്ങൾ, ബഹിരാകാശ സംബന്ധമായ സംരംഭങ്ങളിൽ നിക്ഷേപ അവസരങ്ങൾ ആകർഷിക്കൽ എന്നിവക്ക് ഊന്നൽ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവത്ക്കരണത്തെ പിന്തുണക്കുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ പ്രാദേശിക കേന്ദ്രമായി ഒമാനെ അടയാളപ്പെടുത്താനാണ് ഇവന്റ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർസെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷിധാനി പറഞ്ഞു.
ആഗോള ബഹിരാകാശ ഏജൻസികളിൽ നിന്നും കമ്പനികളിൽനിന്നുമുള്ള 15 പ്രമുഖരും ബഹിരാകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ 70 വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള 400 ഓളം പേർ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.അന്താരാഷ്ട്ര നിക്ഷേപം ഉത്തേജിപ്പിക്കുക, ബഹിരാകാശ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രാദേശികവൽക്കരിക്കുക, മേഖലക്ക് ആവശ്യമായ ബഹിരാകാശ സേവനങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഒരു സംയോജിത ബഹിരാകാശ മേഖല കെട്ടിപ്പടുക്കൽ, ധനസഹായം, അന്താരാഷ്ട്ര പങ്കാളിത്തം, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹങ്ങൾ വഴിയുള്ള ഭൗമ നിരീക്ഷണവും, വിവിധ മേഖലകളിലുടനീളമുള്ള സാറ്റലൈറ്റ് സാങ്കേതികവിദ്യകളിലെ വികസനം എന്നിവ ഇതിലുൾപ്പെടുന്നു.
ഉപഗ്രഹ ആശയവിനിമയ സേവന വിപണിയിലെ വികസനം, ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൗമ നിരീക്ഷണത്തിനും നിരീക്ഷണ ആപ്ലിക്കേഷനുകൾക്കുമുള്ള തന്ത്രങ്ങൾ, വിവിധ മേഖലകളിലെ സാറ്റലൈറ്റ് സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങൾ തുടങ്ങിയവ രണ്ടാം ദിനത്തിലും ബഹിരാകാശ മേഖലയുടെ പുതിയ മാനങ്ങൾ അവസാന ദിവസത്തിലും വിശകലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.