മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ചരിത്രങ്ങളും ആർക്കെവുകളും ലോകത്തന്റെ ഏത് മൂലയിൽനിന്ന് വായിക്കാനും കാണാനും ഇനി കഴിയും. ഇന്ത്യൻ പ്രവാസി കുടുംബങ്ങളിൽനിന്നുള്ള ആർക്കൈവുകൾ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (എൻ.എ.ഐ) വെബ് പോർട്ടലിൽ ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് വിദേശ ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള പ്രവാസി ആർക്കൈവുകൾ എൻ.എ.ബെ പോർട്ടലിൽ പ്രദർശിപ്പിക്കുന്നത്.
'ദി ഒമാൻ കളക്ഷൻ' എന്ന് പേരിട്ടിരിക്കുന്ന ഒമാനിലെ ഇന്ത്യൻ സമൂഹത്തിനായുള്ള പ്രത്യേക ഉപ-പോർട്ടൽ എൻ.എ.ഐയുടെ 'അഭിലേഖ് പട്ടാൽ' എന്ന URL (https://oman.abhilekh-patal.in/storage) വിലാസത്തിൽ ലഭ്യമാണ്. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രങ്ങൾ വിശദീരിക്കുന്ന പ്രദർശനം നടത്തിയിരുന്നു. ഈ പ്രദർശനത്തിന്റെ ഭാഗമായാണ് വെബ് പോർട്ടൽ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രദർശനം കാണാൻ പ്രസിഡന്റ് ദ്രൗപദി മുർമു എത്തുകയും ചെയ്തിരുന്നു.
ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ആകർഷകമായ ഉൾക്കാഴ്ച നൽകുന്ന വ്യക്തിഗത ഡയറിക്കുറിപ്പുകൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ ഓൺലൈനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആർക്കൈവുസുകളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ വ്യാപാരികളുടെ കഥകൾ, അവരുടെ സമുദ്ര വ്യാപാര ബന്ധങ്ങൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിൽ പ്രവാസികളുടെ പങ്ക് തുടങ്ങിയ ചരിത്ര രേഖകളിൽ കാണാം.
നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയും ഒമാനിലെ മസ്കത്ത് ഇന്ത്യൻ എംബസിയും സംയുക്തമായി സഹകരിച്ചായിരുന്നു ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രരേഖകൾ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്തത്.വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ചുവടുവെപ്പായിരുന്നു ഡിജിറ്റൈസേഷൻ പദ്ധതി. ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രരേഖകൾ ആർക്കൈവ് ചെയ്യുന്നതിനായി എൻ.എ.ഐ മസ്കത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ചായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. പ്രവാസികളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമുള്ള നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ വിദേശ പദ്ധതിയായിരുന്നുയിത്.
‘ഒമാൻ ശേഖരം: ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആർക്കൈവൽ ഹെറിറ്റേജ്’ എന്നപേരിൽ പ്രത്യേക ഡിജിറ്റൈസേഷനും വാക്കാലുള്ള ചരിത്ര സംഭവങ്ങളുടെ രേഖപ്പെടുത്തലും കഴിഞ്ഞ വർഷം മേയ് 19മുതൽ 27 വരെ മസ്കത്തിലെ ഇന്ത്യൻ എംബസി പരിസരത്ത് ആയിരുന്നു നടന്നത്. ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിൽനിന്നുള്ള 32 പ്രമുഖ ഇന്ത്യൻ കുടുംബങ്ങൾ പങ്കെടുത്തു. ഇവരിൽ പലരും തലമുറകളായി 250 വർഷത്തിലേറെയായി ഒമാനിൽ താമസിച്ചുവരുന്നവരാണ്.
ആദ്യകാലത്തെ ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരങ്ങളിൽനിന്നുള്ള ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7000ലധികം രേഖകൾ ഈ പദ്ധതിക്ക് കീഴിൽ സ്കാൻ ചെയ്ത് ഡിജിറ്റിലൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് 1838 മുതലുള്ളതാണ്. എന്നാൽ ഭൂരിഭാഗവും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ളവയാണ്. വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, കത്തിടപാടുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങി സുൽത്താനേറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും കൗതുകകരമായ വെളിച്ചം വീശുന്ന വിവിധ രേഖകളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളവയിലുള്ളത്.
സുൽത്താനേറ്റിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ സാംസ്കാരിക സമ്പ്രദായങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, വ്യാപാരം, വാണിജ്യം, ഒമാനി സമൂഹത്തിലേക്കുള്ള അവരുടെ സംഭാവനകൾ, സംയോജനം, വിദേശത്തുള്ള ഇന്ത്യൻ പാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള ചരിത്രത്തിന്റെ വിവരണം ഈ രേഖകളിൽ കാണാൻ കഴിയും.
ചരിത്ര രേഖകളുടെ ഡിജിറ്റലൈസേഷനു പുറമേ, ഇന്ത്യൻ കമ്യൂണിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ വാക്കാലുള്ള ചരിത്രങ്ങളുടെ റെക്കോർഡിങ്ങും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഇത് നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വാക്കാലുള്ള ചരിത്ര പദ്ധതിയാണ്. നേരിട്ടുള്ള വിവരണങ്ങൾ, വ്യക്തിഗത സംഭവവികാസങ്ങൾ, കുടിയേറ്റ അനുഭവങ്ങൾ, ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പതിറ്റാണ്ടുകളായി പരിണാമം എന്നിവയുൾപ്പെടെ നിരവധി കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡിജിറ്റൈസ് ചെയ്ത ഈ രേഖകളാണ് ആർക്കൈവ് ചെയ്ത് എൻ.എ.ഐയുടെ ഡിജിറ്റൽ പോർട്ടലായ ‘അഭിലേഖ് പട്ടാലിൽ’ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിലവിൽ ഒമാനിൽ ഏകദേശം 700,000 ഇന്ത്യക്കാരാണുള്ളത്. ഇന്ത്യയും ഒമാനും 5000 വർഷം പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ സമ്പന്നമായ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്. മാണ്ഡവി, സൂറത്ത്, ഗുജറാത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നടക്കമുള്ള നിരവധി വ്യാപാരി കുടുംബങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സൂർ, മത്ര, മസ്കത്ത് എന്നിവിടങ്ങളിൽ താമസിച്ചുവരുന്നുണ്ട്. അവർ ഒമാനി സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്, പലരും ഒമാനി പൗരന്മാരായി. മാത്രമല്ല മാതൃരാജ്യമായ ഇന്ത്യയുമായി ശക്തമായ ബന്ധം അവർ നിലനിർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.