പ്രതീക്ഷയുടെ നിറങ്ങളുമായി ഒരു പുതുവർഷം കൂടി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വിവേകപൂർണവും ദീർഘവീക്ഷണത്തോടെയുമുള്ള ഭരണത്തിനു കീഴിൽ വികസനത്തിന്റെ പുതുലോകത്തിലേക്കു കുതിക്കുകയാണ് ഒമാൻ. എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള രാജ്യത്തിന്റെ മാർഗങ്ങളും വിജയപടിയിൽ എത്തിയിരിക്കുന്നത് 2024ൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ക്രൂസ് കപ്പലുകൾ എത്തിതുടങ്ങിയത് വിനോദസഞ്ചാരമേഖലകളിലും ഉണർവു പകർന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന മനുഷ്യവിഭവമായ യുവതയെ പരിഗണിച്ചും ദുർബല വിഭാഗങ്ങളെ ചേർത്തു പിടിച്ചും രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കു നയിക്കാനുള്ള പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. പുതുവർഷത്തിൽ സർക്കാർ നടപ്പിൽ വരുത്തുന്നതും പ്രതീക്ഷ നൽകുന്നതുമായ പദ്ധതികളിലൂടെ ഒരു എത്തിനോട്ടം.
മത്ര സ്ക്വയർ പദ്ധതി ഈ വർഷം നടപ്പാക്കും
മസ്കത്ത്: പ്രഥമ ബിൽ അറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ് നേടിയ മത്ര സ്ക്വയർ പദ്ധതി മസ്കത്ത് മുനിസിപ്പാലിറ്റി 2024ലെ ആദ്യപാദത്തിൽ നടപ്പാക്കും. ഇതിനുള്ള ടെൻഡർ നടപടികളിലേക്കുടൻ കടക്കും. പദ്ധതിയുടെ വിശദമായ ഭൂപടം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരിസ്ഥിതി ഏജൻസിയുമായി (ഇ.എ) ഏകോപിപ്പിച്ച് ഖുറം റിസർവിനെ ഖുറം പാർക്കുമായി ലയിപ്പിക്കാനും നടത്തം, ബോട്ട് സവാരി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ക്യാമ്പിങ് പ്രേമികൾക്കായി ഖുറിയാത്തിനെ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള ഒരു പദ്ധതിയും നിലവിലുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് മത്ര സ്ക്വയർ പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരിക.
അഹമ്മദ് മുഹമ്മദ് അൽ ഗദാമി, ഉമൈമ മഹ്മൂദ് അൽ ഹിനായ്, അബ്ദുല്ല സാലിഹ് അൽ ബഹ്രി എന്നിവരുടെ മത്ര സ്ക്വയർ പദ്ധതിയായിരുന്നു പ്രഥമ ബില് അറബ് ബിന് ഹൈതം പുരസ്കാരം നേടിയിരുന്നത്. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കായിരുന്നു പുരസ്കാരം നൽകിയിരുന്നത്. 20,000 റിയാലായിരുന്നു സമ്മാനത്തുക. മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് സുഗമമാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി നേരത്തെ വ്യക്തമാക്കിയിരുന്നു 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സുൽത്താൻ ഖാബൂസ് തുറമുഖം ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന മത്ര ഒമാനി നാഗരികതയുടെ ചരിത്രപരവും സാംസ്കാരികവുമായ സുപ്രധാന സ്ഥലമാണ്.
നിർമാണം പുരോഗമിക്കുന്ന ബോട്ടാണിക്ക്ഗാർഡൻ
സന്ദർശകരെ ആകർഷിക്കാൻ ഒമാൻ ബൊട്ടാണിക് ഗാർഡൻ
അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ
മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനം നിർമാണവും പൂർത്തിയായതിനാൽ ഈ വർഷം പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചിട്ടുള്ളത്. പദ്ധതി ഔദ്യോഗികമായി തുടങ്ങാൻ കൂടുതൽ സമയവും സാമ്പത്തികവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം ഉടൻ നിറവേറ്റപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ ഓപ്പറ ഹൗസ് മസ്കത്ത്, ഒമാൻ എക്രോസ് ഏജസ് മ്യൂസിയം, നാഷനൽ മ്യൂസിയം എന്നിവ പോലെ ഒമാൻ ബൊട്ടാണിക് ഗാർഡനും രാജ്യത്തെ നാഴികക്കല്ലായി മാറുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്.
ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനഃരുപയോഗ ഊർജകേന്ദ്രം, പരിസ്ഥിതികേന്ദ്രം, സന്ദർശകകേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ചു മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാക്കും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലയത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവസമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബോട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലോക്കൽ ടാക്സികളുടെ സേവനം ആപ് അധിഷ്ടിത കമ്പനികളിലൂടെ
മസ്കത്ത്: പൊതുനിരത്തുകളിൽ ഓടുന്ന ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്സികളുടെ സേവനം ഈ വർഷംമുതൽ ആപ്പ് അധിഷ്ടിത കമ്പനികളിലൂടെ. ജനുവരി ഒന്നിനകം ലൈസൻസുള്ള ഓൺലൈൻ ആപ്ലിക്കേഷൻ കമ്പനികളിൽ ചേരണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ ടാക്സി സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഗതാഗതവാർത്തവിനിമയ മന്ത്രാലയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒമാൻടാക്സി, ഒടാക്സി, മർഹബ, ഹല, തസ്ലീം എന്നിവയാണ് മന്ത്രാലയം ലിസ്റ്റ് ചെയ്ത ലൈസൻസുള്ള കമ്പനികൾ. വിമാനത്താവളങ്ങളിൽ ടാക്സികൾക്ക് സർവിസ് നടത്താൻ അനുമതിനൽകി ഒക്ടോബർ ഒന്നിനായിരുന്നു ആദ്യഘട്ടത്തിനുതുടക്കമിട്ടിരുന്നത്. നവംബർ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്നതിനുമാണ് ടാക്സികൾക്ക് അനുമതിനൽകിയിരിക്കുന്നത്.
ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാലാ ണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്തു മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആരംഭിക്കും. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോട്ടൽ ടാക്സികൾക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാലായിരിക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജായി 50 ബൈസയും നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.