മസ്കത്ത്: പ്രാദേശിക മാർക്കറ്റുകളിൽ പുതിയ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ റെന്റ്, യൂസ്ഡ് കാറുകൾക്ക് ആവശ്യക്കാരേറുന്നു. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യതക്കുറവാണ് ആഗോളാടിസ്ഥാനത്തിൽ കാർ ഉൽപാദനത്തിന്റെ ഇടിവിന് കാരണമായിട്ടുള്ളത്. മാർക്കറ്റുകളിൽ പുതിയ കാർ ലഭ്യമല്ലാതായതോടെ പലരും സെക്കൻഡ് ഹാൻഡ്, യൂസ്ഡ് കാറിലേക്ക് നീങ്ങിയിരിക്കുകയാണ്.
പുതിയ കാർ എപ്പോൾ കിട്ടുമെന്ന് ഡീലർമാർക്കും കൃത്യമായി പറയാനാകുന്നില്ല. അതുകൊണ്ടുതന്നെ കാത്തുനിൽക്കാതെ പലരും യൂസ്ഡ്, വാടക കാറുകളെ ആശ്രയിക്കുകയാണ്.
കോവിഡിനെ തുടർന്ന് ചൈനയിൽ ഉൽപാദനം നിലച്ചതാണ് സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തിനിടയാക്കിയത്.
ആഗോളതലത്തിൽ സെമികണ്ടക്ടർ ചിപ്പുകൾ സംഭാവന ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന. ആധുനികവാഹനങ്ങളിലെ തലച്ചോറ് എന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളിലൊന്നാണ് സെമി കണ്ടക്ടർ ചിപ്പ്. നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസഞ്ചർ വാഹനം ആയിരത്തോളം സെമി കണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ട്.
ആധുനിക ഇൻഫോടെയിൻമെൻറ് സിസ്റ്റങ്ങൾ, ഡ്രൈവർ എയ്ഡുകൾ, ഒന്നിലധികം ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയിലെല്ലാം നിർണായകഘടകമാണ് സെമികണ്ടക്ടറുകൾ.
അതേസമയം, രാജ്യത്ത് യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുകയാണ്. കുറഞ്ഞനിരക്കിൽ കാറുകൾ ലഭിച്ചിരുന്ന വിപണിയിൽ നിലവിൽ ഉയർന്ന വില നൽകിയാണ് പലരും വാഹനങ്ങൾ സ്വന്തമാക്കുന്നത്.
നല്ല വിലയ്ക്കാണ് കാറുകൾ വിറ്റഴിഞ്ഞുപോകുന്നതെന്ന് ഒമാനിലെ യൂസ്ഡ് കാർ ഔട്ട്ലെറ്റിലെ സെയിൽസ്മാൻ രേധ ദാവൂദ് പറഞ്ഞു. രണ്ട് വർഷം മുമ്പ് കാറുകൾ വാങ്ങിയ ആളുകൾ ഇപ്പോൾ വിറ്റാൽ പണമുണ്ടാക്കാം കഴിയും. നല്ല വിലയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തികമാന്ദ്യവും പുതിയ കാറുകൾ എടുക്കുന്നതിൽനിന്ന് ഉപഭോക്താക്കളെ പിന്നോട്ടടിക്കുന്നു.
ഇതിനാൽ ഇത്തരക്കാർ സെക്കൻഡ് ഹാൻഡ് കാറുകളെ ആശ്രയിക്കേണ്ടിവരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോളതലത്തിൽ കാറുകളുടെ വിതരണത്തെ ബാധിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. അടുത്തവർഷവും കാർ ഉൽപാദന പ്രശ്നങ്ങൾ തുടരുമെന്നാണ് ഓട്ടോമൊബൈൽ വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.