മസ്കത്ത്: സീബിലെ വിലായത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 'ഒമാൻ അൽ-ഖൈർ' പ്രദർശനത്തിന് തുടക്കമായി. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജറിന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം നടക്കുന്നത്.
മസ്കത്ത് ഗവർണറേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി വനിത സംരംഭകരുടെയും മസ്കത്തിലെ ഒമാനി വിമൻ അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദർശനം. എക്സിബിഷന്റെ പ്രഥമ പതിപ്പ് ഒമാന്റെ 52ാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് നടത്തുന്നതെന്ന് മസ്കത്തിലെ ഒമാനി വിമൻസ് അസോസിയേഷൻ ഇക്കണോമിക് കമ്മിറ്റി വൈസ് ചെയർമാൻ മുഹൈറ ബിൻത് ഹാഷിം അൽ ബറാം പറഞ്ഞു.
സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനൊപ്പം ഒമാനി സ്ത്രീകളെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക മേഖലകളിൽ ശാക്തീകരിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. ഒമാനി പരമ്പരാഗത ഉൽപന്നങ്ങൾ, വ്യവസായങ്ങൾ, സുൽത്താനേറ്റിനകത്തും പുറത്തും നിന്നുള്ള 350 ബ്രാൻഡുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.