മസ്കത്ത്: ഒമാൻ-സിറിയൻ സംയുക്ത സമിതിയുടെ ആറാമത് സമ്മേളനം മസ്കത്തിൽ സമാപിച്ചു. സാമ്പത്തിക, നിക്ഷേപം, വ്യാവസായിക, കാർഷിക, സാംസ്കാരിക, മാധ്യമ മേഖലകളിലെ സഹകരണം ഇരുപക്ഷവും പര്യവേക്ഷണം ചെയ്തു. ഒമാൻ സംഘത്തെ സാമ്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സക്രിയും സിറിയൻ പക്ഷത്തെ സാമ്പത്തിക, വിദേശ വ്യാപാരമന്ത്രി ഡോ. മുഹമ്മദ് സമർ അൽ ഖലീലും നയിച്ചു. 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിനിമയത്തിന്റെ അളവ് 18 ശതമാനം വർധിച്ചതായി അൽ സഖ്രി പറഞ്ഞു. ചരക്കുസേവന മേഖലയിലും മറ്റ് മേഖലകളിലും വ്യാപാരം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഒപ്പുവെച്ച ധാരണപത്രങ്ങളുടെയും കരാറുകളുടെയും അവലോകനമാണ് ചർച്ചയിൽ ഉൾപ്പെട്ടതെന്ന് സിറിയൻ മന്ത്രി പറഞ്ഞു. ആറാമത്തെ സെഷന്റെ യോഗത്തോടനുബന്ധിച്ച് മൂന്ന് ധാരണപത്രങ്ങളും മാധ്യമ മേഖലയിലെ ഒരു എക്സിക്യൂട്ടിവ് പ്രോഗ്രാമിലുമാണ് ഒപ്പുവെച്ചത്. ആദ്യ ധാരണപത്രവും എക്സിക്യൂട്ടിവ് പ്രോഗ്രാമും മാധ്യമ മേഖലയുമായി ബന്ധപ്പെട്ടാണ്. ഇരു രാജ്യങ്ങളിലെയും വാർത്ത ഏജൻസികളും സാങ്കേതിക, എൻജിനീയറിങ് മേഖലകളും തമ്മിലുള്ള സഹകരണം ഏകീകരിക്കാനും റേഡിയോ, ടെലിവിഷൻ പ്രോഗ്രാമുകളുടെ സംയുക്ത നിർമാണം, നാടകം, ഇ- മീഡിയ, വിദേശ മാധ്യമങ്ങൾ, മീഡിയ ഉള്ളടക്ക നിർമാണം, മാധ്യമ പരിശീലനം എന്നിവയാണ് വരുന്നത്.
രണ്ടാമത്തെ ധാരണപത്രം ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) വികസിപ്പിക്കുന്നതിനാണ്. തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുക, മാധ്യമങ്ങളുമായി ബന്ധപ്പെട്ട എസ്.എം.ഇ കളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇരുവശത്തുനിന്നും എസ്.എം.ഇകൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക. നാവികരുടെ യോഗ്യതയുടെയും സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം കൈകാര്യം ചെയ്യുന്നതുമാണ് മൂന്നാമത്തെ ധാരണപത്രത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.