മസ്കത്ത്: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 33ാമത് പതിപ്പിൽ ഒമാൻ അതിഥി രാജ്യമായി പങ്കെടുക്കുന്നു. പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജനമന്ത്രി സയ്യിദ് ദീ യസീൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ദോഹ പുസ്തകമേള പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി ഉദ്ഘാടനം ചെയ്തു. മേയ് 18വരെ നീളുന്നതാണ് പുസ്തകമേള.
42 രാജ്യങ്ങളില്‍നിന്ന് 515 പ്രസാധകരാണ് പങ്കെടുക്കുന്നത്. ‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്നതാണ് പുസ്തക മേളയുടെ പ്രമേയം.മേളയിൽ ഒമാന്റെ പവിലിയന് രണ്ട് വിഭാഗമാണുള്ളത്. ആദ്യ വിഭാഗത്തിൽ സർക്കാർ സ്ഥാപനങ്ങളിൽനിന്നും സിവിൽ സൊസൈറ്റി അസോസിയേഷനുകളിലെ ഒമാനി പ്രസിദ്ധീകരണങ്ങളുടെ ശ്രേണിയാണുള്ളത്. രണ്ടാം വിഭാഗത്തിൽ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, സുൽത്താൻ ഖാബൂസ് സർവകലാശാല എന്നിവയുടെ പ്രസിദ്ധീകരണങ്ങളുമാണുള്ളത്. 160 ചതുരശ്രമീറ്ററിൽ അൽ ആലം പാലസിന്റെ വാസ്തുവിദ്യശൈലിയിലും അലങ്കാരങ്ങളിലെ പ്രചോദനവും ഉൾക്കൊണ്ടാണ് പവിലിയന്റെ രൂപകൽപന. ഈ രൂപകൽപനയിലെ കടൽ, ഒമാന്റെ സമുദ്രചരിത്രത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാന്റെ പങ്കാളിത്തം ഒമാനിലെയും ഖത്തറിലെയും ജനങ്ങളുടെ സാഹോദര്യം ഉൾക്കൊള്ളുന്നതാണെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ വിജ്ഞാന, സാംസ്കാരിക വികസന അസി. ഡയറക്ടർ ജനറൽ അഹ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.