മസ്കത്ത്: ലണ്ടനിൽ നടന്ന ഫോറിൻ പ്രസ് അസോസിയേഷൻ അവാർഡ് വിതരണ ചടങ്ങിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയാണ് പങ്കെടുത്തത്. ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ കാമില രാജ്ഞിയുടെ രക്ഷാകർതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. ചടങ്ങിൽ സംസാരിച്ച രാജ്ഞി, വിവിധ മേഖലകളിലെ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിക്കുകയും മാധ്യമരംഗത്തെ സ്ത്രീസാന്നിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ട് പറയുകയും ചെയ്തു.
മാധ്യമ, പത്രപ്രവർത്തന മേഖലകളിൽ അസോസിയേഷനും ഒമാനും തമ്മിലുള്ള പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ സംബന്ധിച്ച് ഫോറിൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് ഡാഗ്മർ സീലാൻഡ് ചൂണ്ടികാട്ടി. സുൽത്താനേറ്റിന്റെ സാംസ്കാരിക വശങ്ങൾ, രാജ്യത്തിന്റെ ആധുനിക നവോത്ഥാനം, ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യം എന്നിവ ഉയർത്തിക്കാട്ടുന്ന ഫോട്ടോ പ്രദർശനം രാജ്ഞി കാമിലയും മറ്റും സന്ദർശിച്ചു. ചടങ്ങിൽ അന്താരാഷ്ട്ര മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും അവാർഡുകൾ വിതരണം ചെയ്തു.
സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരിൽ രണ്ട് അവാർഡുകൾ നൽകി. ഒമാന്റെ പേരിലുള്ള അവാർഡ്, ഈ വർഷത്തെ മികച്ച വാർത്തക്ക് ഡച്ച് വെല്ലെ നെറ്റ്വർക്കിൽനിന്നുള്ള ബിർഗിറ്റ് മാസ്, ജേണലിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ബി.ബി.സിയിൽനിന്ന് റോബിൻ ബാൺവെൽസുമാണ് കരസ്ഥമാക്കിയത്. ഒമാൻ വാർത്ത വിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹർസിയാണ് അവാർഡുകൾ സമ്മാനിച്ചത്. യുനൈറ്റഡ് കിങ്ഡത്തിലെ ഒമാൻ അംബാസഡർ ബദർ ഹമദ് അൽ മന്ദേരി, ലണ്ടനിലെ ഒമാനി നയതന്ത്ര പ്രതിനിധികൾ, ബ്രിട്ടനിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നൂറിലധികം മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് മാധ്യമ വിദഗ്ധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.