തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ
അലി ബവോയ്ൻ
മസ്കത്ത്: ഒമാനികളുടെ മിനിമം വേതനത്തിൽ ഗണ്യമായ വർധന വരുത്തുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്നും അത് 400 റിയാലായി നിശ്ചയിക്കാനുള്ള പ്രവണതയുണ്ടെന്നും തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ൻ പറഞ്ഞു. പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 400 റിയാലാണ് മുൻഗണന നൽകുന്നതെങ്കിലും, അന്തിമ തീരുമാനം കൂടുതൽ വിലയിരുത്തലിനും ചർച്ചകൾക്കും ശേഷമായിരിക്കും.
ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, ധനകാര്യ, സാമ്പത്തിക സമിതി, മന്ത്രിമാരുടെ കൗൺസിൽ, ബന്ധപ്പെട്ട എല്ലാ പങ്കാളികൾ എന്നിവർ ഈ നിർദേശം സമഗ്രമായി വിലയിരുത്തും. ദേശീയ തൊഴിൽ പദ്ധതിയുടെ സാങ്കേതിക സംഘവും ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്ലാനിങ്ങും തൊഴിൽ വിപണി നയങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് 360 മുതൽ 400 റിയാൽവരെയുള്ള നിർദിഷ്ട പരിധി നിർണയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ, ഒമാനി തൊഴിലാളികളുടെ മിനിമം വേതനം യോഗ്യതകൾ പരിഗണിക്കാതെ 325 റിയാലാണ്. വേതനം കുറക്കാനുള്ള ആഗ്രഹമല്ല, മറിച്ച് സാമ്പത്തിക ഘടകങ്ങളാണ് നിർദിഷ്ട വേതന വർധനക്ക് കാരണമെന്ന് മന്ത്രി വിശദീകരിച്ചു. പൊതു, സ്വകാര്യ മേഖലകളിൽ പ്രവേശിക്കുന്ന പുതിയ ഒമാനി ജീവനക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ 1,50,000 കവിഞ്ഞതായി തൊഴിൽ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇത്രയും വലിയ അളവിൽ വ്യക്തികൾ തൊഴിൽ മേഖലയിൽ ചേരുന്നത് ഇതാദ്യമായാണ്.
ഈ പുതിയ ഒമാനി ജീവനക്കാരിൽ ഏകദേശം 60,000 മുതൽ 70,000 വരെ പേർ സർക്കാർ മേഖലയിൽ ചേർന്നപ്പോൾ 80,000 മുതൽ 90,000 വരെ പേർ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി. വിവിധ വ്യവസായങ്ങളിലുടനീളം തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെയും തൊഴിലവസരങ്ങൾക്കായുള്ള ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
തൊഴിൽ വിപണിയുടെ ചലനാത്മക സ്വഭാവത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ചില തൊഴിലാളികൾ വിരമിക്കൽ കാരണം ജോലി ഉപേക്ഷിക്കുമ്പോൾ, മറ്റു ചിലർ കരിയർ മാറ്റാനോ സംരംഭകത്വ അവസരങ്ങൾ തേടാനോ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മിനിമം വേതനം സംബന്ധിച്ച ദേശീയ തൊഴിൽ പരിപാടിയുടെ പഠനത്തിലെ കണ്ടെത്തലുകൾ ഉടൻ പുറത്തുവിടുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സലിം ബിൻ സഈദും വ്യക്തമാക്കിരുന്നു. കഴിഞ്ഞ മാസം നടന്ന ‘ടുഗെതർ വി പ്രോഗ്രസ്’ ഫോറത്തിന്റെ രണ്ടാം ദിവസത്തിലാണ് അണ്ടർസെക്രട്ടറി ഇക്കാര്യം അറിയിച്ചത്. വിവിധ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലിന് അനുയോജ്യമായ രീതിയിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഫലങ്ങൾ രൂപവത്കരിച്ചിരിക്കുന്നതെന്ന് മാനവ വിഭവശേഷി വികസനത്തിനായുള്ള തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.