മസ്കത്ത്: ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷയുടെ തിരയിളക്കമില്ലാതെ സ്റ്റാർ ഹോട്ടൽ മേഖലകൾ. ലോകകപ്പിനോടനുബന്ധിച്ച് സഞ്ചാരികളുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഹോട്ടൽ മേഖലയിലുള്ളവർ നടത്തിയിരുന്നത്. എന്നാൽ, പലയിടത്തും നാമമാത്ര ബുക്കിങ്ങാണ് ലഭിച്ചത്. മിഡിലീസ്റ്റിൽ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വൻ മുന്നേറ്റത്തിനായി ഗൾഫ് മേഖല ഒരുങ്ങുന്നതിനിടെയാണിത്. ലോകകപ്പിനോടനുബന്ധിച്ചെത്തുന്ന മുഴവുൻ ആരാധകർക്കും ഖത്തറിൽ തങ്ങാൻ സൗകര്യം കുറവായിരിക്കും.
ഇക്കാരണത്താൽ ഇവിടെ എത്തുന്ന ആരാധകർ ഒമാനെ തെരഞ്ഞെടുക്കുമെന്നായിരുന്നു ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ കരുതിയിരുന്നത്. എന്നാൽ, അത്തരത്തിലുള്ള ഒരു ചലനവും ഒമാനിൽ ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.
ബുക്ക് ചെയ്തവർ പലരും റദ്ദാക്കുന്ന പ്രവണതയുമുണ്ട്. സഞ്ചാരികളെ ആകർഷിക്കാനായി വിവിധ പരിപാടികളാണ് ഒമാൻ അധികൃതർ ഒരുക്കിയിട്ടുള്ളത്. സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ, സമൂഹമാധ്യമങ്ങളിലൂടെയുള്ള 'ഹാഫ്ടൈംഫോർ ഒമാൻ' മത്സരപരിപാടി, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നവംബർ 20 മുതൽ നടക്കുന്ന ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവെൽ തുടങ്ങിയവ ചിലതാണ്. എന്നാൽ, ദുബൈയിലെ ആഘോഷ ചടുലതയും മറ്റും കാരണം കൂടുതൽപേരെയും അങ്ങോട്ടാണ് ആകർഷിക്കുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
ദുബൈയിൽ മാസങ്ങൾക്കു മുമ്പേതന്നെ ഹോട്ടലുകളുടെ ബുക്കിങ്ങ് പൂർത്തിയായിട്ടുണ്ട്. അതേസമയം, സുൽത്താനേറ്റിൽ ബുക്കിങ് ചെയ്ത പലതും കാൻസൽ ചെയ്യുന്ന സ്ഥിതിയാണെന്ന് മസ്കത്തിലെ പ്രമുഖ ഹോട്ടലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക ബുക്കിങ്ങുകളൊന്നുമില്ലെന്ന് ജുമൈറ മസ്കത്ത് ബേയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ലോകകപ്പ് അടുക്കുന്ന ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ഒമാനിലെത്തുമെന്നും ഇതോടെ രാജ്യത്തെ ഹോട്ടലുകളടക്കം ടൂറിസം രംഗത്ത് കൂടുതൽ സജീവത കൈവരുമെന്നും യാത്ര മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.