മസ്കത്ത്: ഏപ്രിൽ 23 ലോക പുസ്തകദിനമാണ്. ഇംഗ്ലീഷ് ഭാഷാദിനവും വില്യം ഷേക്സ്പിയറിെൻറ ജന്മദിനവുമാണിന്ന്. കോവിഡ് കാലത്തിെൻറ ഗുണപരമായ മാറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ് വായനയുടെ തിരിച്ചുവരവ്. കമ്പ്യൂട്ടറിലും വിഡിയോഗെയിമിലും സമയം ചെലവഴിച്ച കുട്ടികളിൽ വളർന്നുവന്ന വായനശീലം അങ്ങേയറ്റം വിസ്മയത്തോടെയാണ് സമൂഹം കാണുന്നത്. കഴിഞ്ഞ ഒരു വർഷം പുസ്തക വിൽപനയിൽ ഉണ്ടായ വർധന അതാണ് സൂചിപ്പിക്കുന്നത്. കൊറോണക്കാലത്ത് പുസ്തക വായനയും എഴുത്തും സജീവമായെന്ന് മസ്കത്തിലെ എഴുത്തുകാരനും ഇന്ത്യൻ സ്കൂൾ ദാർസൈത് അധ്യാപകനുമായ രാധാകൃഷ്ണ കുറുപ്പ് അഭിപ്രായപ്പെടുന്നു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വീടുകളിൽ ഇരുന്ന് തന്നെ പുസ്തകം പ്രകാശനം ചെയ്യാൻ തുടങ്ങി. വായനയെ പരിപോഷിപ്പിക്കാൻ വ്യക്തികളും സംഘടനകളുമെല്ലാം മുന്നോട്ടുവരുന്നത് സന്തോഷകരമാണ് -അദ്ദേഹം പങ്കുവെച്ചു.
വീട്ടിൽ ഒതുങ്ങിക്കൂടിയവർ കൂടുതൽ വായനയിലേക്ക് തിരിഞ്ഞെന്ന് എഴുത്തുകാരൻ സന്തോഷ് ഗംഗാധരൻ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തിൽ വായന വെല്ലുവിളിയായി സ്വീകരിച്ച പലരെയും എനിക്കറിയാം. കഴിഞ്ഞ കൊല്ലത്തിനിടയിൽ ധാരാളം വായിക്കാൻ സാധിച്ചതിനോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലും ഓരോ നോവലുകൾ എഴുതി പ്രസിദ്ധീകരിക്കാനും കഴിഞ്ഞത് ചാരിതാർഥ്യം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോകമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിപോലും പ്രതിഭാധനരായ എഴുത്തുകാർ കാലങ്ങൾക്കുമുമ്പ് രചനകളിലൂടെ പറഞ്ഞ കാര്യമാണെന്ന് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജിതീഷ് പറഞ്ഞു. കോവിടാനന്തരം ഇനിയും ധാരാളം മഹത്തായ കൃതികൾ വരുവാനിരിക്കുന്നുവെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിക്കുന്നു. കഴിഞ്ഞവർഷം പുസ്തക വായനയിലേക്ക് കടന്നുവന്നവരുടെ എണ്ണം കൂടുതലായെന്നും പുസ്തക വിൽപനയിൽ വർധനവുണ്ടായെന്നും മസ്കത്തിലെ പുസ്തക പ്രസാധകരായ അൽബാജ് ബുക്സ് ഉടമ ഷൗക്കത്തലി പറയുന്നു. മാതാപിതാക്കൾ തന്ന പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയതോടെ വായനയിൽ താൽപര്യമായെന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഫായിസ് മുഹമ്മദ് പറയുന്നു. ജന്മദിനത്തിൽ കൂടുതലും സമ്മാനമായി കിട്ടിയത് പുസ്തകങ്ങളായിരുന്നുവെന്നും ഫായിസ് ഒാർത്തെടുത്തു. പത്താം ക്ലാസിലാണെങ്കിലും ലോക്ഡൗണിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ചുവെന്ന് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ആമിന സിയാദ് പറയുന്നു.
കഴിഞ്ഞ വർഷം പുസ്തകങ്ങൾ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളതെന്ന് അൽ ഗൂബ്രയിൽ ഹോം ലൈബ്രറി നടത്തുന്ന അമേരിക്കൻ വംശജയായ റെബേക്ക ഓൾസെനും അഭിപ്രായപ്പെടുന്നു. പുസ്തക ദിനത്തോട് അനുബന്ധിച്ച് പുസ്തക വായനയെ പ്രോത്സാഹിപ്പിക്കാൻ ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ഒമാനിലെ പ്രമുഖ പുസ്തക പ്രസാധക സ്ഥാപനമായ അൽ ബാജ് ബുക്സും ചേർന്ന് പുസ്തക വായന മത്സരം സംഘടിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.