മസ്കത്ത്: റൂവി കെ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് സീതിഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് മൊബേല എഫ്.സി മലബാർ വിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.
മസ്കത്ത് ഹമ്മേഴ്സിനുവേണ്ടി നദീർ ആയിരുന്നു വിജയ ഗോൾ നേടിയത്. ദാർസൈത്ത് അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ വാശിയേറിയ മത്സരങ്ങളിൽ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികൾ മത്സരം കാണാനെത്തിയിരുന്നു
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി റാഹിദ് ഫിഫ (മൊബേല മലബാർവിങ്) , ടോപ് സ്കോററും, ടൂർണമെന്റിലെ മികച്ച പ്ലെയറായി നദീർ (മസ്കത്ത് ഹമ്മേഴ്സ് ടി ടൈം), ഏറ്റവും നല്ല ഡിഫന്ററായി ഷാമിദ് (മസ്കത്ത് ഹമ്മേഴ്സ്), ബെസ്റ്റ് വിങ് ബെക്കായി ഷെമ്മു (നെസ്റ്റോ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. മത്സരം കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ കിക്കോഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. പൊതുപരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘടനം ചെയ്തു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യാതിഥിയായി.
ടൂർണമെന്റിന്റെ മുഖ്യ പ്രയോജകരായ സ്കൈ റൈസ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് റസൽ, സാഹിൽ, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കൾ, വിവിധ മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കായുള്ള അക്കാദമിക് മത്സരങ്ങൾ, വനിതകൾക്കായുള്ള ഷൂട്ട് ഔട്ട് മത്സരം തുടങ്ങിയവയും അരങ്ങേറി. ഡബ്ല്യു.സി.സി വിഭാഗം മത്സരങ്ങൾക്ക് മലബാർ വിങ് ലേഡീസ് കോഓർഡിനേറ്റർ ജസ്ല മുഹമ്മദും, താജുദ്ദീൻ കല്യാശ്ശേരിയും നേതൃത്വം നൽകി.
ജേതാക്കൾക്കുള്ള സീതിഹാജി ചാമ്പ്യൻസ് ട്രോഫി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീറിന്റെ സാനിധ്യത്തിൽ ടൂർണമെന്റിന്റെ പ്രയോജകരായ ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് മാനേജർ അൻസാർ ഷെന്താർ കൈമാറി. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, സ്പോർട്സ് വിങ് ചെയർമാൻ ഫൈസൽ വയനാട്, ഷരീഫ് തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.