മസ്കത്ത്: ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. സന്ദർശക അനുഭവവും മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിനാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് അറിയിച്ചത്. ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യങ്ങളിൽ ഉയർന്നതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയിരികുന്നത്. വിനോദസഞ്ചാരികൾക്ക് 8.4 റിയാൽ, താമസക്കാർക്ക് 3.100 റിയാൽ, സ്വദേശികൾക്ക്1.50 റിയാലുമായിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം, അഞ്ച് നേരത്തെ പ്രാർഥനകൾക്കായി മസ്ജിദ് മുസ്ലീങ്ങൾക്ക് തുറന്നിരിക്കുന്നുവെന്നും അതിലെ സാംസ്കാരിക, ശാസ്ത്രീയ, മത സൗകര്യങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമായി തുടരുമെന്നും കേന്ദ്രം ഊന്നിപ്പറഞ്ഞു. തിരക്കേറിയ സീസണുകളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ നീക്കം അനിവാര്യമാണെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. മതപരവും സാംസ്കാരികവുമായ ഒരു പ്രധാന നാഴികക്കല്ലായ മസ്ജിദിന്റെ പവിത്രത നിലനിർത്തുകയും തടസ്സമില്ലാത്ത സന്ദർശക അനുഭവം ഉറപ്പാക്കുകയും ചെയ്യുമ്പോൾ വർധിച്ചുവരുന്ന തിരക്കിനെ ഉൾക്കൊള്ളാൻ പാടുപെടുകയാണ്. മസ്ജിദിന്റെ സാംസ്കാരികവും ചരിത്രപരവുമായ സമഗ്രത കാത്തുസൂക്ഷിച്ച് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അധികൃതർ സ്വകാര്യ മേഖലയുമായി കൈകോർത്തിട്ടുണ്ട്. കരാർ പ്രകാരം സന്ദർശകരുടെ പ്രവേശനം സംഘടിപ്പിക്കുകയും മാന്യമായ വസ്ത്രങ്ങൾ നൽകുകയും ചെയ്യും. സന്ദർശകരുടെ പ്രയോജനത്തിനായി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളെയും നിയമിച്ചിട്ടുണ്ട്.
മസ്കത്തിലെ ഗ്രാൻഡ് മോസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് അന്നത്തെ ഭരണാധികാരിയായിരുന്നു പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആയിരുന്നു.
പ്രാർഥനാ ഹാളിന്റെ തറ മുഴുവൻ മൂടുന്ന പരവതാനിയാണ് മസ്ജിദിന്റെ രൂപകൽപനയിലെ ഒരു പ്രധാന സവിശേഷത. ഇതിന് 21 ടൺ ഭാരമുണ്ട്. 600ലധികം തൊഴിലാളികളും കൈകൊണ്ട് നിർമിച്ച ഈ പരവതാനി നാല് വർഷമെടുത്താണ് പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ പീസ് പരവതാനിയായിരുന്നിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.