മസ്കത്ത്: ഇന്ത്യൻ സ്കൂൾ ടാലന്റ് ഫെസ്റ്റിന്റെ (ഐ.എസ്.ടി.എഫ് 2022) നാലാം പതിപ്പിൽ ഇന്ത്യൻ സ്കൂൾ സലാല ജേതാക്കളായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ സീബ് ഇന്ത്യൻ സ്കൂളിലായിരുന്നു രണ്ടു ദിവസത്തെ പരിപാടി നടന്നത്.
ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 2000ത്തോളം പ്രതിഭകൾ സംഗീതം, കല, നൃത്തം, സാഹിത്യം, നാടകം എന്നിവയിൽ മാറ്റുരച്ചു. ടീമിലെ ഓരോരുത്തരുടെയും കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് തങ്ങളുടെ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ സ്കൂൾ സലാലയിലെ വിദ്യാർഥികൾ പറഞ്ഞു. സീബ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനത്തുമെത്തി. ലുജൈന മൊഹ്സിൻ ദാർവിഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ. രഞ്ജിത്ത് കുമാർ സംസാരിച്ചു. സമാപന ചടങ്ങിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ സ്റ്റഡീസ് ആൻഡ് ഫോളോ അപ് സ്പെഷലിസ്റ്റ് മുഹമ്മദ് സലിം അൽ അബ്രി മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ഒമാൻ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഇൻ ചാർജ് അൽ സീബ് ഗജേഷ് കുമാർ ധരിവാൾ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, പ്രസിഡന്റ് ആർ. രഞ്ജിത്ത് കുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. ദ്വിദിന പരിപാടിയുടെ അവലോകനം ഇന്ത്യൻ സ്കൂൾ സീബ് പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് അവതരിപ്പിച്ചു. കലാ സാംസ്കാരിക സമ്മേളനവും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.