മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് മസ്കത്തിന്റെ നഗരഹൃദയങ്ങളും വാമോസ്വിളികളാൽ മുഖരിതമാകും. മെസ്സിയെയും സംഘത്തിനും കട്ടസപ്പോർട്ടുമായി അർജന്റീനയിൽ നിന്നെത്തുന്ന ആരാധകക്കൂട്ടം മസ്കത്ത് കേന്ദ്രീകരിച്ചായിരിക്കും തങ്ങുക. 60ഓളം ആരാധകരാണ് അർജന്റീനയുടെ ഗ്രൂപ് മത്സരങ്ങൾ കാണാനും ഒമാന്റെ ഊഷ്മളതയും ആതിഥ്യവും ആസ്വദിക്കാനെത്തുന്നത്. 12 ദിവസത്തോളം ആരാധകർ ഇവിടെയുണ്ടാകും. അർജന്റീനിയൻ ആരാധകരെ ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്വേനസ് എയ്റിസിൽനിന്നുള്ള ടൂർ ഓപറേറ്ററായ ജുവാൻ ഇഗ്നാസിയോ മിഗോൺ പറഞ്ഞു. ലോകകപ്പായതോടെ ഹോട്ടൽ റൂമുകൾ കിട്ടാത്തതും ചെലവേറിയതുമാണ് ഒമാനെ അർജന്റീനിയൻ ആരാധകരെ ഇങ്ങോട്ടേക്കെത്തിച്ചത്. ആരാധകരുടെ ബേസ് ക്യാമ്പായി ഒമാനെ തീരുമാനിച്ചതിൽ സംതൃപ്തനാണെന്ന് ഒമാനിലെ ആഭ്യന്തര ഓപറേറ്ററായ അറബിക്ക ഓറിയന്റ് ടൂർസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മിഗോൺ പറഞ്ഞു. ഇതിനു പുറമെ ഒമാന്റെ ഭൂപ്രകൃതിയും ടൂറിസത്തിന് ഒരുപാട് സാധ്യത നൽകുന്നതാണ്. ഭാവിയിൽ അർജന്റീനയിൽനിന്ന് ഒമാനിലേക്ക് കൂടുതൽ ടൂറുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിലൊരാളായ ലയണൽ മെസ്സി ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മെസ്സിയുടെ മത്സരങ്ങൾ നേരിട്ടുകാണാനുള്ള താൽപര്യം അർജന്റീനിയൻ സ്വദേശികളിൽ വർധിച്ചുവരുകയാണ്. ഗ്രൂപ്ഘട്ട മത്സരത്തിൽ ദിനേന വിമാനയാത്രകൾ നടത്തിയാകും ആരാധർ അർജന്റീനയുടെ കളികാണാനായി ഖത്തറിലേക്കു പോകുക. ടീം നോക്കൗട്ട് റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞാൽ തങ്ങളുടെ ക്യാമ്പ് ദുബൈയിലേക്കു മാറ്റുമെന്ന് മിഗോൺ പറഞ്ഞു. നോക്കൗട്ട് റൗണ്ടിലെ മത്സരങ്ങൾ കാണാൻ ദുബൈയിൽ മികച്ച യാത്രാ ഒപ്ഷനുകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 12 ദിവസത്തെ താമസത്തിനിടെ, ഡോൾഫിൻ കാണാനുള്ള സൗകര്യം, നിസ്വയിലേക്കുള്ള യാത്ര, മറ്റു പ്രശസ്തമായ സ്ഥലങ്ങളും ആരാധകർ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.