മസ്കത്ത്: തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ മസ്കത്ത് ഗവർണറേറ്റിൽ പരിശോധനകൾ തുടരുന്നു. ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ 1,546 നിയമലംഘനങ്ങൾ കണ്ടെത്തി. 1285 പ്രവാസികളെ നാടുകടത്തുകയും ചെയ്തെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ മന്ത്രാലയം, തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസിന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയുമായിരുന്നു പരിശോധന.
മികച്ച തൊഴിൽ വിപണിയും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്. റെസിഡന്റ് കാർഡിന്റെ കാലാവധി കഴിഞ്ഞ 877 കേസുകൾ , സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യുന്ന 495പേർ, ശരിയായ രേഖകളില്ലാതെ സ്വയം തൊഴിൽ ചെയ്യുന്ന 174 പേർ എന്നിങ്ങനെയാണ് കണ്ടെത്തിയ ലംഘനങ്ങളിൽ ഉൾപ്പെടുന്നത്.
തൊഴിൽ നിയമ ലഘംനങ്ങൾക്കെതിരെയുള്ള പരിശോധന വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരുകയാണ്. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് സെപ്റ്റംബറിൽ 207 പ്രവാസി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. 638 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
80 കേസുകൾ പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ജോയന്റ് ഇൻസ്പെക്ഷൻ ടീം ആണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 260 തൊഴിലാളികളേയും കണ്ടെത്തിയിട്ടുണ്ട്.
അനധികൃത തൊഴിലാളിളെ കണ്ടെത്താൻ കനത്ത പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത് .
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.