മസ്കത്ത്: വിനോദ സഞ്ചാരികളുമായി ഈ സീസണിലെ ആദ്യ ക്രൂസ് കപ്പൽ ഖസബ് തുറമുഖത്തെത്തി. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ്-6 ആണ് കഴിഞ്ഞ ദിവസം തുറമഖത്തെത്തിയത്. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാരികളുമായി ദുബൈയിൽനിന്നെത്തിയ കപ്പൽ ദിവസങ്ങൾക്കു മുമ്പ് സുൽത്താൻ ഖാബൂസ് തുറമുഖത്തുമെത്തിയിരുന്നു.
ഇവിടന്നാണ് ഖസബ് തുറമുഖത്തേക്ക് പോയത്. വിനോദസഞ്ചാരികൾക്ക് ഊഷ്മളമായ സ്വീകരണമാണ് സാംസ്കാരിക-ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖസബ് തുറമുഖത്ത് നൽകിയത്.
വരുംദിവസങ്ങളിൽ ഖസബിലെ ടൂറിസം കമ്പനികൾ സംഘടിപ്പിക്കുന്ന വിനോദ പരിപാടികൾ, നഗരപര്യടനങ്ങൾ, ബുഖ കോട്ട, ജബൽ ഹാരിമിലെ സഫാരിയാത്രകൾ തുടങ്ങിയവയിൽ വിനോദസഞ്ചാരികൾ പങ്കാളികളാകും.
കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.സഞ്ചാരികളെ വരവേൽക്കാൻ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകൾ മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
ശൈത്യകാല ടൂറിസത്തിന്റെ മുന്നോടിയായി ദോഫാറിൽ വിമാനം വഴി യൂറോപ്പിൽനിന്നുള്ള വിനോദ സഞ്ചാരികൾ ദിവസങ്ങൾക്ക് മുമ്പ് എത്തിയിരുന്നു. ചെക് റിപ്പബ്ലിക്,സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് എത്തിയിട്ടുള്ളത്.
അതേസമയം, കൂടുതൽ ക്രൂസ് കപ്പലുകൾ അടുത്ത മാസങ്ങളിലായി സുൽത്താനേറ്റിന്റെ തീരം തൊടും. 930 യാത്രക്കാരുമായി വൈക്കിങ് മാർസാണ് ഇനി നവംബറിൽ എത്താനുള്ള ആഡംബര കപ്പൽ. ഒമാനിൽ എത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടും. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദസഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്. ഇതിലൂടെ 2,63,587 സഞ്ചാരികൾ എത്തുകയും ചെയ്തു. 2019ൽ 136,984 വിനോദസഞ്ചാരികളുള്ള 70 ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തിന് ലഭിച്ചു. 2020ൽ 31 ക്രൂസ് കപ്പലുകളാണ് ലഭിച്ചത്. 1,25,110 വിനോദസഞ്ചാരികൾ എത്തുകയും ചെയ്തു. 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാല തുറമുഖത്തിന് എത്തിയത്. എന്നാൽ, 69,060 വിനോദസഞ്ചാരികളുമായി 45 ക്രൂസ് കപ്പലുകളാണ് 2019ൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.