ബഹ്ല വിലായത്തിൽ നടക്കുന്ന ഗോതമ്പ് വിളവെടുപ്പിൽനിന്ന്
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നല്ല പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. മാർച്ച് അവസാനത്തോടെ ആരംഭിച്ച വിളവെടുപ്പ് പ്രവർത്തനങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദഖിലിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിലാണ് വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ സീസണിൽ ഉയർന്ന ഉൽപാദനക്ഷമതയും ധാന്യ ഗുണനിലവാരവും പ്രകടമായിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കർഷകരുടെ തുടർച്ചയായ താൽപര്യത്തെയും കൃഷി ചെയ്ത പ്രദേശങ്ങൾ വികസിപ്പിക്കാനും ഗോതമ്പ് ഉൽപാദനം മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖല, വിപുലമായ കൃഷിഭൂമിയും ഭൂഗർഭജല ശേഖരവും കാരണം ഭാവിയിലെ ഗോതമ്പ് കൃഷിയുടെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. ഈ മേഖലയെ പിന്തുണക്കുന്നതിനായി സർക്കാർ നിരവധി നടപടികളും സ്വീകരിക്കുകയുണ്ടായി. വാദി ഖുറിയാത്ത് 110, 308, 226, 227, ജബ്രീൻ, കോളി ഇനങ്ങൾ പോലുള്ള ശക്തിപ്പെടുത്തിയ ഗോതമ്പ് വിത്തുകൾ, ആധുനിക വിളവെടുപ്പ് ഉപകരണങ്ങളും നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.
കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിന്റെ പിന്തുണയോടെ നിരവധി പുതിയ ഗോതമ്പ് കൊത്തു യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായുള്ള സഹകരണവും മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെയുള്ള സമീപകാല ധാരണാപത്രം പ്രകാരം, ടണ്ണിന് 500 റിയാൽ നിരക്കിൽ കർഷകരിൽ നിന്ന് പ്രാദേശികമായി വളർത്തുന്ന ഗോതമ്പ് കമ്പനി വാങ്ങും. ഈ കരാർ കർഷകർക്ക് പ്രോത്സാഹനവും ദേശീയ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാൻ സഹായകമാകുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്
അതേസമയം, 2022-2023 കാർഷിക സീസണിൽ 7119 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 229 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് കൃഷിയുടെ ആകെ വിസ്തൃതി 6359 ഏക്കറിലേക്ക് വ്യാപിച്ചു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 160 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കർഷകരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ചയും ഉണ്ടായി.
സുൽത്താനേറ്റിലെ മൊത്തം ഗോതമ്പ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 80 ശതമാനവും ദോഫാർ ഗവർണേററ്റിലാണ്. 5,112 ഏക്കറിലായിരുന്നു ഇവിടെ കൃഷിനടത്തിയത്. വിളവെടുപ്പിലും ഒന്നാം സ്ഥാനത്തെത്തിയത് ദോഫാറായിരുന്നു. 5,940 ടൺ ആണ് ഇവിടുത്തെ ഗോതമ്പ് ഉൽപാദനം. മൊത്തം ഉൽപാദനത്തിന്റെ 83 ശതമാനമാണിത്. ഏറ്റവും കൂടുതൽ സ്ഥലത്ത് ഗോതമ്പ് കൃഷി ചെയ്ത ഗവർണറേറ്റുകളിൽ ദാഖിലിയയാണ് രണ്ടാം സ്ഥാനത്ത്. 2022-2023 സീസണിൽ 779 ഏക്കറിലാണ് ഗോതമ്പ് കൃഷി ചെയ്തത്. രാജ്യത്തെ ആകെ ഗോതമ്പ് കൃഷിയുടെ 12 ശതമാനം വരുമിത്. 81 ടൺ ഗോതമ്പ് ഉൽപാദിപ്പിക്കാനും സാധിച്ചു.
ഇത് മൊത്തം ഉൽപാദനത്തിന്റെ 11 ശതമാനം പ്രതിനിധീകരിക്കുന്നു.മൂന്നാം സ്ഥാനത്ത് ദാഹിറ ഗവർണറേറ്റാണ്. 245 ഏക്കറിൽ നടത്തിയ കൃഷിയിൽ 249 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്. മൊത്തം ഉൽപാദനത്തിന്റെ 3.5 ശതമാനമാണ് ദാഹിറയുടെ സംഭാവന. ബുറൈമി ഗവർണറേറ്റിൽ 33.25 ഏക്കറിൽ 38 ടണ്ണും വടക്കൻ ബത്തിന ഗവർണറേറ്റിൽ 41 ഏക്കറ്റിൽ 35 ടണ്ണും വടക്കൻ ശർഖിയയിൽ 66.5 ഏക്കറിൽ 13ടണ്ണും ഉൽപാദിപ്പിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിൽ 57 ഏക്കറിൽ 16.33 ടണ്ണും മുസന്ദം ഗവർണറേറ്റിൽ 13 ഏക്കറിൽ 2.489 ടണ്ണും തെക്കൻ ശർഖിയ ഗവർണറേറ്റിൽ 9.5 ഏക്കറിൽ 2.350 ടണ്ണും മസ്കത്തിൽ മൂന്ന് 0.7 ടൺ ഗോതമ്പുമാായിരുന്നു കഴിഞ്ഞ സീസണൽ ലഭിച്ചത്.
2023ൽ ഗോതമ്പുൽപാദനം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്തിരുന്നു . ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക, ഒമാനി കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുക എന്നിവ ലക്ഷ്യമിട്ട് ഏകദേശം 7,000 ടണ്ണായി ഉയർത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇതാണ് ഇപ്പോൾ മറി കടന്നിരിക്കുന്നത്. ലക്ഷ്യമിട ഉൽപാദന ലക്ഷ്യം കൈവരിക്കുന്നതിന്, ഗോതമ്പ് കൃഷിചെയ്യാൻ അനുവദിച്ച ഭൂമി 2022ലെ 2,422 ഏക്കറിൽനിന്ന് ഇരട്ടിയായി 6,000 ഏക്കറായി വർധിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഗോതമ്പ് കൃഷിയുടെ പുനരുജ്ജീവനത്തിന് ഊർജം പകരാൻ കഴിഞ്ഞ വർഷം 50 ലക്ഷം റിയാൽ ബജറ്റ് നീക്കിവെക്കുകയും ചെയ്തിരുന്നു.
ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ് ഇനങ്ങൾ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഗവേഷണ-വികസനം, സമൃദ്ധമായ വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ അനുകൂല സാഹചര്യങ്ങളുള്ള ഗവർണറേറ്റുകളിൽ ഗോതമ്പ് കൃഷി വ്യാപനം, വിപണന തന്ത്രം (വളർന്നുവരുന്ന വിളകൾക്ക് ശക്തമായ വിപണന മാർഗങ്ങൾ ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാൻ ഫ്ലോർ മില്ലുകളുമായുള്ള പിന്തുണാ കരാർ തന്ത്രപരമായി പുതുക്കുന്നു) എന്നീ മൂന്ന് ലക്ഷ്യങ്ങളെ പിന്തുണക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിഹിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.