ആസ്ട്രേലിയക്കെതിരെ ഗോൾ നേടിയ അബ്ദുല്ല ഫവാസിന്റെ ആഹ്ലാദം // ഫോട്ടോ: സുഹാന ഷെമീം
മസ്കത്ത്: കഴിഞ്ഞ ദിവസം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആസ്ട്രേലിയക്കെതിരെ നടന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ തെളിഞ്ഞത് ഒമാന്റെ പോരാട്ട വീര്യം. അനുകൂല ഘടകങ്ങൾ ഒരുപാടുണ്ടായിട്ടും സമനിലകൊണ്ട് ആസ്ട്രേലിയക്ക് തൃപതിപ്പെടേണ്ടിവന്നു (2-2). ഒമാൻ ദേശീയ ടീമിലെ മുൻനിര കളിക്കാർ അടക്കം ഏഴു പേർ കോവിഡിന്റെ പിടിയിലായിരുന്നു. കോവിഡ് രോഗവ്യാപനം മൂലം കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വലിയ മാർജിനിൽ ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആസ്ട്രേലിയ. രണ്ടു വട്ടം ലീഡ് നേടിയെങ്കിലും ഒമാൻ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. വിജയം നഷ്ടമായി എന്നതിനേക്കാൾ ആസ്ട്രേലിയയെ അലട്ടുന്നത് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന സ്വപ്നത്തിന് തിരിച്ചടി നേരിട്ടതാണ്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പിലെ മറ്റു മത്സരത്തിൽ സൗദി അറേബ്യയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് ജപ്പാൻ 18 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ജപ്പാന്റെ ജയം. ആസ്ട്രേലിയക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നേടണമെങ്കിൽ ബാക്കി രണ്ടു മത്സരങ്ങൾ ജയിച്ചേ മതിയാകൂ. ജപ്പാനും സൗദിക്കുമെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ. ആസ്ട്രേലിയ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച് ഏഴാം മിനിറ്റിൽതന്നെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. പതിനഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ആസ്ട്രേലിയ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റിൽ ഒമാൻ ഗോൾ മടക്കി. തുടർന്ന് ആക്രമിച്ചു കളിച്ച ആസ്ട്രേലിയ 79ാം മിനിറ്റിൽ വീണ്ടും ലീഡ് നേടി. ഇതോടെ പ്രതിരോധം ശക്തമാക്കി. എന്നാൽ, അമിത പ്രതിരോധത്തിൽ വന്ന പിഴവ് മൂലം പെനാൽറ്റി വഴങ്ങേണ്ടി വന്നു. കിക്കെടുത്ത അബ്ദുല്ല ഫവാസ് ആകട്ടെ ഒരു പഴുതുമില്ലാതെ പന്ത് വലയിലെത്തിച്ചു. ഒമാനെ സംബന്ധിച്ച് ലോകകപ്പ് പ്രതീക്ഷകൾ ഇല്ലെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ കൂടി ജയിച്ചു വീരോചിതമായി ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിപ്പിക്കുക എന്നതായിരിക്കും ലക്ഷ്യം. ഒമാന്റെ അടുത്ത മത്സരം മാർച്ച് 24ന് വിയറ്റ്നാമിനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.