ലോക റോബോട്ട് ഒളിമ്പ്യാഡിന്റെ ഒമാനിൽ നടന്ന അവസാന യോഗ്യത മത്സരങ്ങളിൽനിന്ന്
മസ്കത്ത്: ഈ വർഷം നവംബറിൽ പാനമയിൽ നടക്കുന്ന ലോക റോബോട്ട് ഒളിമ്പ്യാഡിന് ഒമാനിൽനിന്ന് അഞ്ച് ടീമുകൾ യോഗ്യത നേടി. വർഷന്തോറും നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര റോബോട്ടിക് മത്സരങ്ങളിലൊന്നാണിത്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള 30 ടീമുകൾ പങ്കെടുത്ത അവസാന യോഗ്യത മത്സരങ്ങൾ കഴിഞ്ഞ ദിവസമാണ് നടന്നത്. റോബോട്ടിക്സ് എജുക്കേഷൻ സെന്റർ (റോബോട്ടിക്) ആയിരുന്നു ദേശീയ റോബോട്ടിക്സ് മത്സരം സംഘടിപ്പിച്ചിരുന്നത്.
റോബോട്ട് വിഭാഗത്തിൽ ഒമാൻ ടെക്, ബിൻ ഹമദ് ടീം, ലഡോ ടീമും സ്പോർട്സ് റോബോട്ട് വിഭാഗത്തിൽ സുൽത്താൻ ഖാബൂസ് സ്കൂൾ ടീമും ന്യൂ വേൾഡ് ഇന്റർനാഷനൽ സ്കൂൾ ടീമും യോഗ്യത നേടി. മിഷൻ റോബോട്ടുകൾ, ഭാവി കണ്ടുപിടിത്തക്കാർ, ഭാവി എൻജിനീയർമാർ, സ്പോർട്സ് റോബോട്ടുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ലോക റോബോട്ട് ഒളിമ്പ്യാഡ്. ഭാവി തലമുറകളെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നത്.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ വിവിധ പ്രായത്തിലുള്ള യുവാക്കളുടെ സർഗാത്മകത കാണിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള മത്സരമാണ് ഇന്റർനാഷനൽ റോബോട്ട് ഒളിമ്പ്യാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.