അർബുദം നേരത്തേ ​കണ്ടെത്താൻ നിർമിതബുദ്ധിയും

ദോഹ: ദേശീയ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമായ സ്‌ക്രീൻ ഫോർ ലൈഫിൽ നിർമിതബുദ്ധിയും (എ.ഐ) ടെലി റേഡിയോളജിയും ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി ഖത്തർ ആരോഗ്യ വകുപ്പ് അധികൃതർ.

രാജ്യത്തിന് പുറത്തുനിന്നുള്ള റേഡിയോളജിസ്റ്റുകളുടെ വൈദഗ്ധ്യത്തിലൂടെ ചിത്രങ്ങളെ വ്യാഖ്യാനിക്കാൻ അനുവദിക്കുന്ന ടെലിറേഡിയോളജി അവതരിപ്പിച്ചുകൊണ്ട് സ്തന, കുടൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാം കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ നൽകിയിരിക്കുന്നതെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിലെ എർലി ഡിറ്റക്ഷൻ പ്രോഗ്രാമുകളുടെ അധ്യക്ഷയായ ഡോ. ശൈഖ അബൂ ശൈഖ വ്യക്തമാക്കി.

ദേശീയ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാം കൂടുതൽ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവർ. സ്തന, കുടൽ കാൻസർ പരിശോധനയിൽ പങ്കെടുക്കുന്നവരുടെ ചിത്രങ്ങൾക്ക് മുൻഗണന നൽകുന്നതിന് നിർമിതബുദ്ധിയെയും ഞങ്ങൾ ആശ്രയിക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്ന ചിത്രങ്ങൾ വായിക്കുന്നതിന് അത് സഹായിക്കുമെന്നും, അതോടൊപ്പം മാർഗനിർദേശങ്ങൾക്കനുസൃതമായി മികച്ച രീതികൾ നടപ്പാക്കാൻ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധയൂന്നുന്നതായും ഡോ. അബൂശൈഖ വിശദീകരിച്ചു.

രാജ്യത്ത് നിലവിലുള്ള ആദ്യകാല കാൻസർ സ്‌ക്രീൻ സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി, വിവിധതരം കാൻസർ രോഗങ്ങൾ കണ്ടെത്തുന്നതിന് സ്‌ക്രീൻ ഫോർ ലൈഫ് പ്രോഗ്രാം വിപുലീകരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള കാൻസർ സ്‌ക്രീനിങ്ങുകളിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയതിലൂടെ രോഗം നേരത്തേ കണ്ടെത്തുന്നതിൽ വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നു. എ.ഐ അൽഗോരിതങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മെഡിക്കൽ പ്രഫഷനലുകൾക്ക് കാൻസർ സ്‌ക്രീനിങ്ങുകളിൽനിന്ന് ലഭിക്കുന്ന ഇമേജുകൾ കൂടുതൽ വിശകലനം ചെയ്യാനും കൃത്യത ഉറപ്പുവരുത്താനും സാധിക്കും.

ഇതിലൂടെ ഉടൻ ചികിത്സ ആവശ്യമുള്ള കേസുകൾ വേഗത്തിൽ തിരിച്ചറിയാനും രോഗനിർണയവും ചികിത്സയും മറ്റ് ഇടപെടലുകളും വേഗത്തിലാക്കാനും ആരോഗ്യപ്രവർത്തകരെ അനുവദിക്കുകയും ചെയ്യുന്നു.

അതേസമയം, സ്തന, കുടൽ കാൻസറുമായി ബന്ധപ്പെട്ട ബോധവത്കരണവും സ്‌ക്രീനിങ് സംരംഭങ്ങളും വിജയകരമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. ശൈഖ അബൂ ശൈഖ പറഞ്ഞു.സ്‌ക്രീൻ ഫോർ ലൈഫ് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ ജനപ്രിയമായിട്ടുണ്ട്. യോഗ്യരായ ജനസംഖ്യയുടെ 50 ശതമാനം ആളുകളെയും ഞങ്ങൾ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

ആളുകൾ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും സ്‌ക്രീനിങ്ങിനായി മുന്നോട്ടുവരുന്നത് നല്ല പ്രവണതയാണെന്നും അവർ വ്യക്തമാക്കി. ശ്വാസകോശ അർബുദം, സെർവിക്കൽ കാൻസർ, തൈറോയ്ഡ് കാൻസർ തുടങ്ങിയ മറ്റു തരത്തിലുള്ള കാൻസറുകളും സ്‌ക്രീനിങ് പ്രോഗ്രാമിൽ ഉൾപ്പെടുന്നതിനുള്ള സാധ്യതാപഠനങ്ങൾ നടന്നുവരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Artificial intelligence to detect cancer early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.