ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ചികിത്സകളും പുതിയ സേവനങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ച് എച്ച്.എം.സി. ‘നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ മുൻഗണന’ എന്ന തലക്കെട്ടിലാണ് എച്ച്.എം.സി തങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലെ ആരോഗ്യ പരിചരണം സംബന്ധിച്ച് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. മീഡിയ ടൂറുകൾ, അഭിമുഖങ്ങൾ, പത്രക്കുറിപ്പുകൾ, സോഷ്യൽ മീഡിയ ഇൻഫോഗ്രാഫിക്സ്, വിഡിയോകൾ തുടങ്ങി വിവിധ ചാനലുകളിലൂടെ എച്ച്.എം.സിയുടെ സ്പെഷലിസ്റ്റ് സേവനങ്ങളുടെ ഗുണനിലാവരം പൊതുജനങ്ങളിലേക്കെത്തിക്കും.
വിവിധ ഘട്ടങ്ങളിലായുള്ള വളർച്ചയിലൂടെ എച്ച്.എം.സിയിലെ വിവിധ സേവനങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. പക്ഷാഘാത ചികിത്സ, ഹൃദ്രോഗം, ശസ്ത്രക്രിയ, അർബുദ ചികിത്സ, ട്രോമ സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ എച്ച്.എം.സിക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ എല്ലാവരിലും ഉയർന്ന നിലവാരമുള്ള സ്പെഷലിസ്റ്റ് ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച് അവബോധം ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കാമ്പയിനെന്ന് എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ ഹസൻ മുഹമ്മദ് അൽ ഹൈൽ പറഞ്ഞു. നേട്ടങ്ങളും സ്പെഷലിസ്റ്റ് സേവനങ്ങളും ഉയർത്തിക്കാട്ടുന്നതിലൂടെ സമൂഹത്തിന് നൽകുന്ന പരിചരണത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും ഖത്തറിലെ സ്പെഷലിസ്റ്റ് ആരോഗ്യ സേവനങ്ങളുടെ മുൻനിര ദാതാവ് എന്ന നിലയിൽ എച്ച്.എം.സിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതായും അൽ ഹൈൽ കൂട്ടിച്ചേർത്തു.
ഖത്തറിലെ ഏറ്റവും വലിയ സ്പെഷലിസ്റ്റ് ആരോഗ്യ സേവന ദാതാവായ എച്ച്.എം.സി കവിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ അവിശ്വസനീയ മാറ്റങ്ങളാണ് നടപ്പാക്കിയത്. ഇക്കാലയളവിൽ സേവനങ്ങളുടെ ഗുണനിലവാരത്തിനും സുരക്ഷക്കും 50ലധികം അന്താരാഷ്ട്ര അംഗീകാരങ്ങളും എച്ച്.എം.സിയെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.