പതിവ് ആഘോഷ വേദികളായ കതാറ, ലുസൈൽ, സൂഖ് എന്നിവിടങ്ങൾക്കുപുറമെ പൊതു പാർക്കുകളിലും കടൽ തീരങ്ങളിലും പെരുന്നാൾ തിരക്ക് ജോറാണ്. സ്വകാര്യ മേഖലകളിലും രണ്ട് മുതൽ നാലു ദിവസം വരെ അവധിയായതോടെ പ്രവാസികൾ കുടുംബ സമേതമാണ് പുറത്തിറങ്ങുന്നത്. പാർക്കുകൾ, കടൽതീരങ്ങൾ, മാളുകൾ, കതാറ ഉൾപ്പെടെ സ്ഥലങ്ങളിലേക്കാണ് കുടുംബയാത്ര ഏറെയും.
പെരുന്നാളിന്റെ മൂന്ന് ദിനങ്ങളിലും അഭൂതപൂർവമായ തിരക്കാണ് കതാറയിൽ അനുഭവപ്പെടുന്നത്. വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് കതാറയിൽ പരിപാടി. എന്നാൽ, ഉച്ച കഴിഞ്ഞുതന്നെ ഇവിടേക്ക് സന്ദർശക പ്രവാഹം ആരംഭിക്കുകയായി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് എത്തിച്ചേരാൻ കഴിയാതെ പാതിവഴിയിൽ നിന്നും നിരാശരായി മടങ്ങിയത്. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് പകരം മെട്രോ വഴിയുള്ള യാത്രയാണ് കൂടുതൽ സൗകര്യമെന്ന് സന്ദർശകർ പറയുന്നു.
വൈകീട്ട് നാലു മുതൽ വിവിധ കലാ, സാംസ്കാരിക വിരുന്നുകളാണ് കതാറയിൽ നടക്കുന്നത്. കുട്ടികൾക്കായുള്ള അലി അൽ ഖാലാഫിന്റെ പ്രത്യേക ഷോ, പരമ്പരാഗത ഹെറിറ്റേജ് വില്ലേജായി തയാറാക്കിയ കതാറ കോർണിഷിലെ ഫെരീജ് അൽ കതാറ, അറബ് കലാകാരന്മാർ അണിനിരക്കുന്ന ഖത്തരി അർദ വാൾ നൃത്തം, പൊലീസ് മ്യൂസിക് ബാൻഡ് സംഘത്തിന്റെ പ്രകടനം, ഏഷ്യൻ -ആഫ്രിക്കൻ നാടോടി കലാകാരന്മാരുടെ പ്രകടനങ്ങൾ, വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് നൃത്ത-സംഗീത സംഘത്തിന്റെ പ്രകടനം എന്നിവ ദിവസേന ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.
ഫെരീജ് അൽ കതാറയിൽ കുട്ടികൾക്കായി ശിൽപശാലകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലും രാത്രി 8.30നായിരുന്നു വെടിക്കെട്ട് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.