ദോഹ: കൽപന്തു ലോകം ആവേശത്തോടെ നെഞ്ചേറ്റിയ ലോകകപ്പ് ഫുട്ബാളിന്റെ ഒന്നാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ വിറ്റഴിഞ്ഞത് എട്ടു ലക്ഷത്തിലേറെ ടിക്കറ്റുകൾ. രണ്ടു തവണയായി നടത്തിയ ബുക്കിങ്ങിൽ ആകെ 804,186 ടിക്കറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സ്വന്തമാക്കിയതായി ഫിഫ അറിയിച്ചു.
രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ഏപ്രിൽ അഞ്ചിന് ഖത്തർ സമയം ഉച്ച 12 മണിയോടെ (ഇന്ത്യൻ സമയം 2.30) തുടക്കം കുറിക്കുമെന്നും ഫിഫ വ്യക്തമാക്കി. FIFA.com/tickets ലിങ് വഴിയാവും ടിക്കറ്റുകൾ ലഭ്യമാവുക.
രണ്ടു ഭാഗങ്ങളായാണ് ഒന്നാം ഘട്ടത്തിൽ ടിക്കറ്റ് വിൽപന നടന്നത്. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ റാൻഡം നറുക്കെടുപ്പിലൂടെയായിരുന്നു ആദ്യം ടിക്കറ്റുകൾ അനുവദിച്ചത്. പിന്നാലെ, ഇടക്കാല ടിക്കറ്റ് വിൽപന മാർച്ച് 21 മുതൽ 29 വരെയും ആരംഭിച്ചു. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയിലായിരുന്നു ഇത്തവണ ടിക്കറ്റുകൾ നൽകിയത്.
രണ്ടു സമയങ്ങളിലായി പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിലാണ് എട്ടു ലക്ഷത്തിലേറെ ടിക്കറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ പത്ത് രാജ്യക്കാരിൽ ഇന്ത്യയുമുണ്ട്. ആതിഥേയരായ ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരും ടിക്കറ്റ് സ്വന്തമാക്കിയത്. ഫുട്ബാളിന്റെ ഈറ്റില്ലമായ ബ്രസീലിനും അർജന്റീനക്കും മുന്നിലാണ് ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.