ദോഹ: സൂഖ് വാഖിഫും ദോഹ കോർണിഷും ഇൻലാൻഡിലെ ഡ്യൂൺ കാഴ്ചകളും ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും വിരൽത്തുമ്പിലൂടെ കണ്ടാസ്വദിക്കാം. ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ മാപ്പാണ് ഈ അപൂർവമായ കാഴ്ചകൾക്ക് അവസരമൊരുക്കുന്നത്.
കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുമായി (സി.ആർ.എ) ചേർന്നാണ് ഖത്തറിലെ പൈതൃക നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ മാപ്പിൽ ഉൾപ്പെടുത്തിയത്. 360 ഡിഗ്രി പനോരമിക് കാഴ്ചയോടെ ഖത്തറിന്റെ നഗരക്കാഴ്ചകൾ ഇനി മാപ്പിൽ കാണം.
ലോകെമങ്ങുമുള്ള സഞ്ചാരികളിലേക്ക് ഖത്തറിലെ സുപ്രധാന കേന്ദ്രങ്ങൾ ദൃശ്യഭംഗിയോടെ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പുരോഗതിക്കും സഞ്ചാരികളെ ആകർഷിക്കാനും ഈ നീക്കം ഗുണം ചെയ്യും.
ഖത്തറിന്റെ സ്മാർട്ട് സിറ്റി വികസനം, അർബൻ പ്ലാനിങ് പദ്ധതികളുടെ ഭാഗമായാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഗൂഗ്ൾ സ്ട്രീറ്റ്വ്യൂവിൽ ഉൾപ്പെടുത്തിയത്. ഖത്തർ മ്യൂസിയങ്ങൾ, സൂഖ് വാഖിഫ്, ദോഹ കോർണിഷ്, അൽ സുബാറ ഫോർട്ട്, മരുഭൂമിയിൽ ഇൻലാൻഡ് സീ മേഖയിലെ സാൻഡ് ഡ്യൂൺ എന്നിവയുടെ 360 ഡിഗ്രി പനോരമിക് കാഴ്ചതന്നെ ഗൂഗ്ൾ സ്ട്രീറ്റ് മാപ് വാഗ്ദാനം ചെയ്യുന്നു.
ഖത്തറിലേക്ക് സന്ദർശനം ആസൂത്രണം ചെയ്യുന്ന സഞ്ചാരികൾക്ക് യാത്ര പുറപ്പെടും മുമ്പ് അകലങ്ങളിലിരുന്ന് വെർച്വൽ യാത്രയിലൂടെത്തന്നെ പ്രധാന കേന്ദ്രങ്ങൾ കാണാനും അറിയാനുമുള്ള അവസരമാണ് ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ ഒരുക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്), ഖത്തർ ടൂറിയം, നാഷനൽ സെക്യൂരിറ്റി ഏജൻസീസ് എന്നിവരുമായി ചേർന്നാണ് സി.ആർ.എ ദൗത്യം പൂർത്തിയാക്കുന്നത്.
ഗൂഗ്ൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ ഉൾപ്പെടെ നൂതന സംവിധാനങ്ങളെ സ്മാർട്ട് സിറ്റി, ടൂറിസം പദ്ധതികളിൽ ഉപയോഗപ്പെടുത്തി ഖത്തറിന്റെ സാംസ്കാരികവും വാസ്തുവിദ്യ നിർമിതികളെയും ലോകമെങ്ങുമുള്ള കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണെന്ന് സി.ആർ.എ പ്രസിഡൻറ് എൻജി. അഹ്മദ് അബ്ദുല്ല അൽ മുസ്ലിമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.