ദോഹ: 150 ഫാമുകളിൽനിന്നുള്ള നല്ല ഒന്നാന്തരം ഫ്രഷ് പച്ചക്കറികൾ. മത്സരസ്വഭാവത്തിലുള്ള വില ആയതിനാൽ ഉപഭോക്താക്കൾക്കും മെച്ചം. വിവിധയിടങ്ങളിലായുള്ള അഞ്ച് ശൈത്യകാല പച്ചക്കറി മാർക്കറ്റുകൾ തുറന്നു. അൽഷഹാനിയ, അൽ മസ്റുഅ, അൽ വക്റ, അൽഖോർ അൽ ദകീറ, അൽ ഷമാൽ എന്നിവിടങ്ങളിലാണ് 2019-2020 സീസണിലേക്കുള്ള മാർക്കറ്റുകൾ പ്രവർത്തനം തുടങ്ങിയത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം നാല് മണിവരെയാണ് പ്രവർത്തനം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക വകുപ്പാണ് നേതൃത്വം നൽകുന്നത്. കക്കിരി, തക്കാളി, ഉള്ളി, വെള്ളുള്ളി, ഉരുളക്കിഴങ്ങ്, മാരോപ്പഴം, വഴുതന, ഇലയിനത്തിലുള്ള വിവിധയിനം പച്ചക്കറികൾ, മത്തൻ തുടങ്ങിയവയാണ് ഉള്ളത്. വിവിധയിനം പഴങ്ങളുടെ വൻ ശേഖരവുമുണ്ട്.
പ്രാദേശിക ഫാമുകളിൽനിന്നുള്ള ഉന്നതഗുണനിലവാരമുള്ള ഈത്തപ്പഴം, തേൻ എന്നിവയും ലഭ്യമാണ്. 125 പ്രാദേശിക ഫാമുകളുടെ വിളകളാണുള്ളത്. എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് പ്രവർത്തനം. പ്രവേശനകവാടത്തിൽ ഇഹ്തിറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് കാണിക്കണം. എങ്കിൽ മാത്രമേ പ്രവേശനമുള്ളൂ. പച്ചക്കറികൾ കൊണ്ടുവരുവാനുള്ള പെട്ടികൾ, വിൽപനക്കുള്ള സൗജന്യ സ്റ്റാളുകൾ തുടങ്ങിയവ മന്ത്രാലയമാണ് കൃഷിക്കാർക്ക് നൽകുന്നത്. ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കാൻ ചന്തകളിലൂടെ കർഷകർക്ക് കഴിയും. തങ്ങളുടെ നിക്ഷേപത്തിനും അധ്വാനത്തിനും അനുസരിച്ച വില ഇതിനാൽ കർഷകർക്ക് ലഭിക്കുന്നു.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ 31 ശതമാനവും മന്ത്രാലയം അനുവദിക്കുന്ന ഇത്തരം ചന്തകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയുമാണ് വിൽപന നടത്തുന്നത്. ഇതിൽ 11 ശതമാനം ഉൽപന്നങ്ങളും ശൈത്യകാല വിപണികളിലൂടെയാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ന്യായവിലയിൽ പച്ചക്കറികൾ വിൽക്കുന്നതിന് ഫാമുടമകൾക്ക് മന്ത്രാലയത്തിെൻറ പൂർണപിന്തുണയുണ്ട്.
മന്ത്രാലയത്തിെൻറ പിന്തുണയോടെ പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനായെന്നാണ് കർഷകരുടെയും ഫാമുടമകളുടെയും അഭിപ്രായം. പച്ചക്കറി വിത്തുകളും വളവും മറ്റു കാർഷികോപകരണങ്ങളും അനുബന്ധ സാധനങ്ങളും സൗജന്യമായാണ് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ 16,000 ടൺ പച്ചക്കറികളാണ് ചന്തകളിലൂടെ വിറ്റഴിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.