ദോഹ: ഡിജിറ്റൽ ഡിവൈസുകളുടെ അമിതോപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന സങ്കീർണ പ്രശ്നങ്ങളും അതിൽനിന്ന് മുക്തി നേടുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളും നിർദേശിച്ച ചർച്ചസംഗമത്തിന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ്ഫോറം (ഐ.സി.ബി.എഫ്) വേദിയൊരുക്കി.
പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. താജ് ആലുവ വിഷയാവതരണം നടത്തി. സർവ ജീവിതവ്യവഹാരങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ബന്ധിപ്പിക്കപ്പെട്ട സമകാലിക സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും മീഡിയയെയും ആശ്രയിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിൽ പാലിക്കേണ്ട സന്തുലിതത്വത്തെയും, സാമൂഹിക വിനിമയങ്ങളും വ്യവഹാരങ്ങളും വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഗൗരവമായ ചിന്തകൾ അദ്ദേഹം പങ്കുവെച്ചു.
മാനസികാരോഗ്യത്തിലും മനസ്സിന്റെ ഏകാഗ്രതയിലും വ്യക്തിബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്ന രീതിയിലേക്ക് സ്ക്രീൻ ടൈം ഉപഭോഗം നിയന്ത്രിക്കാനും പുനഃക്രമീകരിക്കാനുമുള്ള വഴികൾ, അനിവാര്യമായ തലത്തിൽ ഡിജിറ്റൽ ആശ്രയത്വത്തെ പരിമിതപ്പെടുത്താൻ പ്രാധാന്യം നൽകുകയും ചെയ്യുന്നതിന് സഹായകമാകും വിധം ‘ഡിജിറ്റൽ വേൾഡ് ലൈഫ്’ ക്രമീകരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര സെഷനും നടന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. താജ് ആലുവയെ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി. മാനേജിങ് കമ്മിറ്റിയംഗം സറീന അഹദ് സ്വാഗതവും അബ്ദുൽ റഊഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. നീലാംബരി സുശാന്ത് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.