ദോഹ: ഈ വർഷത്തെ ഹജ്ജ് തീർഥാടന കരാറിൽ ഒപ്പുവെച്ച് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയവും സൗദി ഹജ്ജ്-ഉംറ മന്ത്രാലയവും. ഖത്തറിൽനിന്നുള്ള തീർഥാടകർക്ക് സുഗമമായി ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പു നൽകുന്ന കരാറിൽ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ അൽ ഗാനിമും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിഅയും ഒപ്പുവെച്ചു.
തീർഥാടകരുടെ സൗദിയിലേക്കുള്ള യാത്രയും മടക്കയാത്രയും സുഗമമാക്കുക, ഹാജിമാരുടെ സൗകര്യങ്ങൾക്കായി ഹജ്ജ് ഓഫിസ് ആരംഭിക്കുക, വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം, ഗതാഗതം-താമസം, ഭക്ഷണം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ വിഷയങ്ങളിൽ ധാരണയായി. വിശുദ്ധ ഗേഹത്തിലെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന സൗദി മന്ത്രാലയത്തിന്റെയും ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളെ ഔഖാഫ് മന്ത്രി അഭിനന്ദിച്ചു.
തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ ഹജ്ജ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ഗാനിം അൽ ഗാനിം. 80ഓളം രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ്-ഉംറ കാര്യവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.